ഒരു ബ്രാഹ്മണമഠത്തിൻ്റെ ആരാധനാകേന്ദ്രമായിരുന്ന ഈ ദേവസ്ഥാനം, കാലക്രമേണ ജീർണാവസ്ഥയിലാവുകയും നാട്ടിൽ ദുരിതങ്ങൾ അനുഭവപ്പെടുകയും ചെയ്തതിനെത്തുടർന്ന് നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് വീണ്ടും പ്രൗഢി വീണ്ടെടുത്തത്. 2005-ൽ നടത്തിയ ദേവപ്രശ്‌നത്തെത്തുടർന്ന് താത്കാലികമായി ക്ഷേത്രം പുതുക്കിപ്പണിതു. ക്ഷേത്രചരിത്രത്തിലെ സുപ്രധാന മുഹൂർത്തമായി 2017 കുംഭമാസത്തിലെ പൂയം നാൾ മാറി. അന്നേ ദിവസം ക്ഷേത്ര തന്ത്രി തിരിച്ചിറ്റൂർ ബ്രഹ്മശ്രി പുരുഷോത്തമൻ പോറ്റിയുടെ മുഖ്യകാർമ്മികത്വത്തിൽ പുനഃപ്രതിഷ്‌ഠാ കർമ്മങ്ങൾ നടന്നു.
തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയാണ് ക്ഷേത്രം നാട്ടുകാർക്കായി സമർപ്പിച്ചത്. ക്ഷേത്രത്തിൻ്റെ പുനഃപ്രതിഷ്‌ഠാ വാർഷിക മഹോത്സവം ആണ്ടുതോറും കുംഭമാസത്തിൽ മൂന്ന് ദിവസങ്ങളിലായി ആഘോഷിക്കുന്നു. ഗണപതിഹോമം, കലശാഭിഷേകം, നാഗരൂട്ട്, ഭഗവതിസേവ, സമൂഹസദ്യ, പൊങ്കാല, ആനപ്പുറത്ത് എഴുന്നള്ളിപ്പ്, വിവിധ കലാസാംസ്കാരിക പരിപാടികൾ എന്നിവ ഉത്സവത്തിന് കൊഴുപ്പേകും. ദേവിയുടെ തിരുനാളായ പൂയം നാളിൽ എല്ലാ മാസവും ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ ദേവീ പാരായണവും അന്നദാനവും നടത്തിവരുന്നു.
advertisement
