നകുലിൻ്റെ പ്രകടനം നേരിൽ കണ്ട സത്യൻ അന്തിക്കാട്, ഓഫീസ് സെക്രട്ടറി വഴി നകുലിനെ കാണാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നു. നാടക നടനായ അച്ഛൻ അനീഷ് മുതുവിളയ്ക്കും അമ്മ നന്ദനയ്ക്കുമൊപ്പം അന്തിക്കാട്ടെ വീട്ടിലെത്തിയ നകുലിനൊപ്പം കണ്ണൂർ ഗവ. വൊക്കേഷണൽ എച്ച്എസ്എസ് ചിറക്കരയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശ്രീകൃഷ്ണനും സംവിധായകൻ്റെ ക്ഷണം സ്വീകരിച്ച് എത്തിയിരുന്നു.
അന്തിക്കാട്ടെ വീട്ടിൽ വെച്ച് സത്യൻ അന്തിക്കാടിന് മുന്നിൽ നകുൽ ഒരിക്കൽ കൂടി തൻ്റെ മോണോ ആക്റ്റ് അവതരിപ്പിച്ചു. കുട്ടികളുടെ പ്രകടനത്തിൽ അതീവ സംതൃപ്തനായ അദ്ദേഹം ഒരു മണിക്കൂറോളമാണ് കുട്ടികൾക്കും കുടുംബത്തിനുമൊപ്പം സമയം ചിലവിട്ടത്. 15 വർഷത്തോളമായി നാടകരംഗത്ത് സജീവമായിട്ടും തനിക്ക് ലഭിക്കാത്ത വലിയൊരു ഭാഗ്യമാണ് മകനെ തേടിയെത്തിയതെന്ന് നകുലിൻ്റെ അച്ഛൻ അനീഷ് മുതുവിള അഭിമാനത്തോടെ പറഞ്ഞു.
advertisement
അഞ്ചാം ക്ലാസ് മുതൽ മോണോ ആക്റ്റ് രംഗത്തുണ്ടെങ്കിലും ആദ്യമായാണ് നകുൽ സംസ്ഥാന തലത്തിൽ മത്സരിക്കാൻ എത്തിയത്. കലോത്സവ വേദിയിൽ നിന്ന് ലഭിച്ച എ ഗ്രേഡിനേക്കാൾ വലിയൊരു അംഗീകാരമായി പ്രിയ സംവിധായകൻ്റെ അഭിനന്ദനത്തെ കാണുകയാണ് ഈ കൊച്ചു കലാകാരന്മാർ.
