ആർട്ട് ഗാലറിയിൽ മുഗൾ, രജപുത്ര, ബംഗാൾ, രാജസ്ഥാനി, തഞ്ചൂർ എന്നീ കലാശാലകളിൽ നിന്നുള്ള സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു. ചൈനീസ് , ജാപ്പനീസ് , ബാലിനീസ് പെയിൻ്റിംഗുകളുടെ ഒരു പൗരസ്ത്യ ശേഖരം, ടിബറ്റൻ തങ്ക , ചരിത്രാതീത കാലത്തെ ഇന്ത്യൻ മ്യൂറൽ പെയിൻ്റിംഗുകളുടെ അതുല്യ ശേഖരം എന്നിവയും ഇവിടെയുണ്ട്. ഗാലറിയിൽ 400 വർഷം പഴക്കമുള്ള തഞ്ചാവൂർ മിനിയേച്ചർ പെയിൻ്റിംഗുകൾ ഉണ്ട്.
രാജാരവിവർമ്മ ചിത്രങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിക്കൊണ്ട് രവിവർമ്മ ആർട്ട് ഗ്യാലറി എന്ന പേരിൽ ശ്രീചിത്ര ആർട്ട് ഗ്യാലറിക്ക് തൊട്ടടുത്തായിഒരു കെട്ടിടം കൂടി നിർമ്മിച്ചിരുന്നു. തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള രാജാരവിവർമ വരച്ച ചിത്രങ്ങളുടെ അപൂർവശേഖരമാണ് ഗാലറിയുടെ ആകർഷണം. 43 യഥാർഥ ചിത്രങ്ങൾ ഇവിടെയുണ്ട്. ശകുന്തളയും തോഴിമാരും, ജിപ്സികൾ, ഹംസദമയന്തി, മോഹിനിയും രുക്‌മാംഗദനും, വിരാടരാജധാനിയിലെ ദ്രൗപദി, മഹാറാണി സേതു ലക്ഷ്‌മിബായി, കേരളവർമ വലിയകോയിത്തമ്പുരാൻ തുടങ്ങിയവ ശേഖരത്തിലെ പ്രസിദ്ധചിത്രങ്ങളാണ്. 1885 മുതൽ 1887 വരെ കാലഘട്ടത്തിൽ രാജാരവിവർമ വരച്ച എണ്ണച്ചായ ചിത്രങ്ങളാണ് ഇവിടെയുള്ളത്. തിരുവനന്തപുരം നേപ്പിയർ മ്യൂസിയത്തിനടുത്താണ് ശ്രീചിത്ര ആർട്ട് ഗാലറി ഉള്ളത്. സാംസ്‌കാരികവകുപ്പിനു കീഴിലുള്ള ആർട്ട് ഗാലറിക്കു തിങ്കൾ, ബുധൻ ദിവസങ്ങളിൽ അവധിയാണ്.
advertisement