ഏഷ്യാകപ്പ് അണ്ടർ 23 ഫുട്ബോൾ യോഗ്യത മത്സരത്തിലാണ് തിരുവനന്തപുരം രാജാജി നഗർ സ്വദേശിയായ ശ്രീക്കുട്ടൻ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ചത്. ശ്രീക്കുട്ടനെ അഭിനന്ദനങ്ങളും അനുമോദനവും കൊണ്ട് പൊതിയുകയാണ് ജനപ്രതിനിധികളും നാട്ടുകാരും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി രാജാജി നഗറിൽ എത്തി ശ്രീക്കുട്ടനെ നേരിട്ട് കണ്ട് അനുമോദിച്ചു. ഇന്ത്യൻ ഫുട്ബോൾ സീനിയർ ടീമിൽ ഇടം നേടാൻ ആകുമെന്ന പ്രതീക്ഷയാണ് ശ്രീക്കുട്ടൻ എല്ലാവരോടും പങ്കുവെക്കുന്നത്.
വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്ന് കായിക ലോകത്തേക്ക് ഉയർന്നുവന്ന വ്യക്തിത്വമാണ് ശ്രീക്കുട്ടൻ്റേത്. കായികതാരങ്ങൾക്ക് വളർന്നു വരാൻ കഴിയാത്ത ഒരു സാഹചര്യമാണ് രാജാജി നഗറിൽ ഉള്ളത്. പ്രാക്ടീസ് ചെയ്യാൻ ഗ്രൗണ്ടോ ബൂട്ടോ പോലുമില്ലാതെ ഇപ്പോഴും ഫുട്ബോൾ സ്വപ്നം കണ്ട് നടക്കുന്ന നിരവധി യുവാക്കൾ ഉണ്ട് ഇവിടെ. അവരുടെ പ്രതീക്ഷയും മുൻപിലേക്കുള്ള യാത്രയുടെ പ്രചോദനവും ആണ് ശ്രീക്കുട്ടൻ. ജനിച്ച നാടും നാട്ടുകാരും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് ഈ യുവാവിനെ. മന്ത്രിമാരായ വി ശിവൻകുട്ടിയും മുഹമ്മദ് റിയാസും ശ്രീക്കുട്ടനെ കാണുകയും പാരിതോഷികം നൽകുകയും ചെയ്തു.
advertisement