തിരുവനന്തപുരം പാങ്ങപ്പാറയിലുള്ള സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെൻ്റലി ചലഞ്ച്ഡ് സ്കൂളിലെ വിദ്യാർത്ഥികളാണ് അന്താരാഷ്ട്ര വേദിയിൽ മെഡലുകൾ വാരിക്കൂട്ടി മിന്നും പ്രകടനം കാഴ്ചവെച്ചത്. പരിമിതികളെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന ഈ മിടുക്കരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു.
ചാമ്പ്യൻഷിപ്പിൽ ചരിത്രപരമായ നേട്ടങ്ങളാണ് മലയാളി താരങ്ങൾ സ്വന്തമാക്കിയത്. 120 കിലോ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ വിഷ്ണു മോഹൻ, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ഖ്യാതിയും സ്വന്തമാക്കി. ഇതിനുപുറമെ ബെഞ്ച് പ്രസ്സിലും ഡെഡ് ലിഫ്റ്റിലും 'വേൾഡ് ലിഫ്റ്റർ' പദവിയും വിഷ്ണുവിനെ തേടിയെത്തി. 57 കിലോ വിഭാഗത്തിൽ അലീന മേരി ഡാനിയൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയപ്പോൾ, 59 കിലോ വിഭാഗത്തിൽ സഞ്ജു ഹരോൾഡും 120 കിലോ വിഭാഗത്തിൽ വിഷ്ണു വിജയകുമാറും വെങ്കല മെഡലുകൾ നേടി രാജ്യത്തിൻ്റെ കരുത്ത് തെളിയിച്ചു.
advertisement
കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മേഖലയ്ക്കും ഭിന്നശേഷി സൗഹൃദ പ്രവർത്തനങ്ങൾക്കും വലിയ ഊർജ്ജം നൽകുന്നതാണ് ഈ കായിക നേട്ടം. വിദ്യാർത്ഥികളെ ഈ വിജയത്തിലേക്ക് നയിച്ച ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനും ടീം കോച്ചുമായ നിഖിൽ വി.എസ്., ടീം മാനേജരും വോക്കേഷണൽ ഇൻസ്ട്രക്റ്ററുമായ സുമമോൾ എം.വി. എന്നിവരുടെ സേവനവും ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. വിജയികളായ കുട്ടികൾക്കൊപ്പം മധുരം പങ്കിട്ടാണ് ഈ സന്തോഷം ആഘോഷിച്ചത്.
