പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ തൈവിളാകം പ്രദേശത്ത് പടർന്നുപിടിച്ച മാറാരോഗങ്ങൾക്ക് കാരണം നാഗകോപമാണത്രേ, തുടർന്ന് അന്നത്തെ കുടുംബ കാരണവരായിരുന്ന ശ്രീ ശങ്കരൻ വൈദ്യൻ ഒരു യോഗീവര്യൻ്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ മണ്ണടിഞ്ഞുപോയ പഴയ നാഗരാജ വിഗ്രഹം ആറടിയോളം താഴ്ചയിൽ നിന്ന് കണ്ടെത്തുകയുണ്ടായിരെന്നും, ചൈതന്യത്തോടെ നിലനിന്ന ആ വിഗ്രഹം പുറത്തെടുത്ത് 1915-ൽ അഷ്ടബന്ധ പ്രതിഷ്ഠ നടത്തിയതോടെ പ്രദേശത്തെ രോഗപീഡകൾ മാറുകയും കുടുംബത്തിൽ ഐശ്വര്യം വരികയും ചെയ്തു എന്നാണ് ഐതിഹ്യം.
നൂറിലധികം വർഷത്തെ പഴക്കമുള്ള ഈ ക്ഷേത്രം 1987-ൽ പൊതു ട്രസ്റ്റായി രജിസ്റ്റർ ചെയ്യുകയും 1992-ലെ ദേവപ്രശ്ന വിധിപ്രകാരം 1995-ൽ പുനരുദ്ധരിക്കുകയും ചെയ്തു. നാഗരാജാവ്, നാഗയക്ഷി, നാഗകന്യക എന്നീ വിഗ്രഹങ്ങൾക്കൊപ്പം ശ്രീദുർഗ്ഗാഭഗവതി, ശ്രീമൂലഗണപതി എന്നീ ഉപദേവതകളും ശ്രീകോവിലിനുള്ളിൽ തന്നെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്. സർപ്പദോഷ പരിഹാരത്തിനും മംഗല്യസൗഭാഗ്യത്തിനും സന്താനലബ്ധിക്കുമായി നിരവധി ഭക്തർ ആശ്രയിക്കുന്ന ഈ പുണ്യസങ്കേതത്തിൽ, 110-ാം വാർഷിക മഹോത്സവവും 30-ാം പുനഃപ്രതിഷ്ഠാ വാർഷികവും 2025 മകരമാസത്തിൽ പഞ്ചാമൃത അഭിഷേകം, മഹാഗണപതി ഹോമം, പൊങ്കാല, നൂറും പാലും ഊട്ട് തുടങ്ങിയ വിശേഷാൽ ചടങ്ങുകളോടെ ഭക്തിനിർഭരമായി ആഘോഷിക്കുകയുണ്ടായി.
advertisement
