പത്തൊൻപതാം നൂറ്റാണ്ടിൻ്റെ (110 വർഷം മുമ്പ്) തുടക്കത്തിൽ തൈവിളാകം കുടുംബത്തിൽ പടർന്നുപിടിച്ച മാറാരോഗങ്ങൾക്ക് പരിഹാരമായി, ഒരു യോഗീവര്യൻ്റെ നിർദ്ദേശപ്രകാരം നടത്തിയ മണ്ണുപരിശോധനയിലാണ് ആറടി താഴ്ചയിൽ നിന്നും അതിപുരാതനമായ നാഗരാജാവിൻ്റെ വിഗ്രഹം കണ്ടെടുത്തത്.
പ്രകൃതിക്ഷോഭത്തിൽ തകർന്നുപോയ പഴയൊരു മഹാക്ഷേത്രത്തിലെ ചൈതന്യവത്തായ വിഗ്രഹമായിരുന്നു ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തുടർന്ന് 1915-ൽ വിഗ്രഹം പുനഃപ്രതിഷ്ഠിച്ചതോടെ പ്രദേശത്തെ ദുരിതങ്ങൾക്ക് അറുതിയായി എന്നാണ് ചരിത്രം.1987-ൽ പൊതു ട്രസ്റ്റായി രജിസ്റ്റർ ചെയ്ത ക്ഷേത്രത്തിൽ, 1992-ലെ ദേവപ്രശ്ന വിധിയനുസരിച്ച് നാഗരാജാവ്, നാഗയക്ഷി, നാഗകന്യക എന്നീ പ്രതിഷ്ഠകൾ ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ചു. കൂടാതെ ശ്രീദുർഗ്ഗാഭഗവതി, ശ്രീമൂലഗണപതി എന്നീ ഉപദേവതകളും ഇവിടെയുണ്ട്.
advertisement
സർപ്പദോഷ നിവാരണത്തിനും സന്താനലബ്ധിക്കും സർവ്വ ഐശ്വര്യങ്ങൾക്കുമായി ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്. ക്ഷേത്രത്തിൻ്റെ 110-ാം വാർഷികവും 30-ാം പുനഃപ്രതിഷ്ഠാ വാർഷികവും 2025 മകരമാസത്തിൽ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയുണ്ടായി. പഞ്ചാമൃത അഭിഷേകം, മഹാഗണപതി ഹോമം, പൊങ്കാല, നൂറും പാലും ഊട്ട് തുടങ്ങിയ വിശേഷാൽ പൂജകളോടെയാണ് ഉത്സവം നടന്നത്. തൈവിളാകം ശ്രീനാഗരാജക്ഷേത്രം ദേവസ്വം ട്രസ്റ്റാണ് നിലവിൽ ക്ഷേത്രഭരണം നിർവ്വഹിക്കുന്നത്.
