തൃക്കണ്ണുള്ള ഉഗ്രദുർഗ്ഗയുടെ ഭാവമാണെങ്കിലും ഭക്തർക്കായി ശാന്തസ്വരൂപിണിയായാണ് ദേവി ഇവിടെ കുടികൊള്ളുന്നത്. പരേതനായ അപ്പുക്കുട്ടൻ നായരുടെ നേതൃത്വത്തിൽ ആറ്റുവാശ്ശേരിയിലെ ശ്രീ നാണു ജ്യോത്സ്യരുടെ നിർദ്ദേശപ്രകാരം നടത്തിയ ജ്യോതിഷ ചിന്തകളിലൂടെയാണ് ദേവീചൈതന്യം കുടികൊള്ളുന്ന സ്ഥാനം തിരിച്ചറിഞ്ഞതും വിപുലമായ ക്ഷേത്രനിർമ്മാണം നടന്നതും.
തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ നിന്ന് കൊണ്ടുവന്ന വിഗ്രഹങ്ങൾ കുന്നത്തുകൽ ശ്രീ ലക്ഷ്മി നാരായണൻ പോറ്റിയുടെ കാർമ്മികത്വത്തിൽ പ്രതിഷ്ഠിച്ചു. പടിഞ്ഞാറോട്ട് ദർശനമായി ഭഗവാൻ ശ്രീകൃഷ്ണനും എതിർദിശയിൽ ദുർഗ്ഗാദേവിയും ദർശനം നൽകുന്ന ഇവിടുത്തെ പ്രതിഷ്ഠാശൈലി ഏറെ പ്രത്യേകതയുള്ളതാണ്. പിന്നീട് 2010-ൽ അഷ്ടമംഗല ദേവപ്രശ്ന വിധിപ്രകാരം ബ്രഹ്മശ്രീ അരങ്ങാടി വാസുദേവ പട്ടേരിയുടെ നേതൃത്വത്തിൽ ക്ഷേത്രം പുനർനിർമ്മിച്ചു.
advertisement
പ്രധാന ദേവതയായ ദുർഗ്ഗാദേവിയെ കൂടാതെ ഗണപതി, നാഗരാജാവ്, നാഗയക്ഷി, അയ്യപ്പൻ, യക്ഷിയമ്മ, ശിവൻ, ശാസ്താവ്, തമ്പുരാൻ മന്ത്രമൂർത്തി എന്നിവരെയും ഇവിടെ ആരാധിക്കുന്നു. മേടമാസത്തിലെ പൂരുരുട്ടാതി നക്ഷത്രത്തിൽ ആരംഭിച്ച് ഏഴുദിവസം നീണ്ടുനിൽക്കുന്ന വാർഷിക ഉത്സവവും പ്രതിഷ്ഠാ ദിനവും പൗർണ്ണമി പൂജയും ആയില്യം പൂജയുമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ. തികച്ചും പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് മുന്നിലെ ജലാശയം ഭക്തർക്ക് ശാന്തമായൊരു അനുഭവം സമ്മാനിക്കുന്നു.
