അതീവശക്തിദായകമായ ഈ മൂന്ന് രൂപങ്ങളെയും ഒരേസമയം ദർശിച്ചു പ്രാർത്ഥിക്കുന്നത് ആഗ്രഹസാഫല്യത്തിനും ജീവിതപുരോഗതിക്കും ഉത്തമമാണെന്നാണ് ഭക്തജനസാക്ഷ്യം. രാജഭരണകാലം മുതൽക്കേ ഭക്തിമാഹാത്മ്യത്തിന് പേരുകേട്ട ഈ ക്ഷേത്രം കാലപ്പഴക്കത്താൽ ജീർണ്ണാവസ്ഥയിലായിരുന്നുവെങ്കിലും ഭക്തജനങ്ങളുടെയും ക്ഷേത്രഭാരവാഹികളുടെയും കൂട്ടായ പരിശ്രമത്താൽ പ്രതാപം വീണ്ടെടുക്കുകയായിരുന്നു. 1989-ൽ പ്രതിഷ്ഠാകർമ്മങ്ങൾ നടത്തി ക്ഷേത്രചൈതന്യം പുനഃസ്ഥാപിച്ചു. തുടർന്ന് 2004-ൽ ക്ഷേത്രം പൂർണ്ണമായി പുനരുദ്ധരിച്ചതോടെ ദേശത്തിൻ്റെ ഐശ്വര്യവും പ്രശസ്തിയും നാനാദിക്കുകളിലേക്കും വ്യാപിച്ചു. ഒരു സാധാരണ കുടുംബക്ഷേത്രത്തിൽ നിന്ന് ഇന്ന് ഗ്രാമക്ഷേത്രമായും ദേശപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമായും ഈ സങ്കേതം വളർന്നു കഴിഞ്ഞു.
advertisement
ക്ഷേത്രത്തിൻ്റെ പുനരുദ്ധാരണത്തിന് ശേഷം ആ നാട്ടിലെ ജനങ്ങളിൽ ഉണ്ടായ സാമ്പത്തികവും സാംസ്കാരികവുമായ ഉന്നതി ദേവീചൈതന്യത്തിൻ്റെ ഫലമാണെന്ന് വിശ്വസിക്കപ്പെടുന്നു. നവഗ്രഹ പ്രതിഷ്ഠയോടുകൂടി താന്ത്രിക വിധിപ്രകാരം ആരാധനയുള്ള ഇവിടെ നവഗ്രഹദോഷങ്ങൾ അകറ്റുന്നതിനായി ദൂരദേശങ്ങളിൽ നിന്ന് പോലും നിരവധി വിശ്വാസികൾ എത്തുന്നുണ്ട്. അക്ഷയനെയ് വിളക്ക്, നവഗ്രഹ പൂജ, നവഗ്രഹദോഷശാന്തി ഹോമം, മുട്ടറുക്കൽ എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. മകരമാസത്തിലെ രോഹിണി തിരുവുത്സവമായും കുംഭമാസത്തിലെ പുണർതം പുനഃപ്രതിഷ്ഠാ ദിനമായും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നു. ഇവകൂടാതെ നവരാത്രി ആഘോഷങ്ങളും വിപുലമായ രീതിയിലാണ് ക്ഷേത്രത്തിൽ നടക്കുന്നത്.
