തിരുവിതാംകൂർ ഭരണകാലത്ത് സൈന്യത്തിന് ആയുധപരിശീലനം നൽകാനായി തുളുനാട്ടിൽ നിന്നെത്തിയ പരിശീലകർ തങ്ങളുടെ ഇഷ്ടദേവതയായ വരാഹി മൂർത്തിയെ ഇവിടെ പ്രതിഷ്ഠിച്ചുവെന്നാണ് ചരിത്രം. തുളു ഭാഷയിൽ 'പഞ്ചി' എന്നാൽ പന്നി എന്നാണർത്ഥം. വരാഹമുഖത്തോട് കൂടിയ ദേവി സങ്കൽപ്പമായതിനാലാണ് പിൽക്കാലത്ത് ഈ ക്ഷേത്രം പഞ്ചിയമ്മ ക്ഷേത്രം എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വെമ്പായം, ആക്കുളം തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ പഞ്ചിയമ്മ ക്ഷേത്രങ്ങൾ കാണാമെങ്കിലും താഴയ്ക്കാട് ക്ഷേത്രത്തിലെ ഐതിഹ്യപ്പെരുമ ഭക്തരെ ഏറെ ആകർഷിക്കുന്നു.
advertisement
ലളിതാ പരമേശ്വരിയുടെ സൈന്യാധിപയായ വരാഹി ദേവി ഉഗ്രമൂർത്തിയായാണ് സങ്കൽപ്പിക്കപ്പെടുന്നത്. ശത്രുനാശം, ഐശ്വര്യം, ദാരിദ്ര്യമുക്തി എന്നിവയ്ക്കായി ഭക്തർ ഈ ക്ഷേത്രത്തിൽ അഭയം പ്രാപിക്കുന്നു. വരാഹി ദേവിക്ക് പഞ്ചമി, പഞ്ചുരുളി, പന്നിമുഖി, ദണ്ഡിനി തുടങ്ങിയ നിരവധി നാമങ്ങളുണ്ട്. രാത്രികാലത്തുള്ള ആരാധനയ്ക്ക് ഏറെ പ്രാധാന്യമുള്ള ഈ ദേവിയുടെ പ്രധാന ദിവസം പഞ്ചമി തിഥിയാണ്. ഭഗവതിയുടെ ജടയിൽ നിന്നും ഉത്ഭവിച്ചവരാണ് സപ്തമാതാക്കൾ എന്ന വിശ്വാസമുള്ളതിനാൽ കാർത്യായനി ദേവിയുടെ ഭാവമായാണ് സപ്തമാതാക്കളിലൊരാളായ വരാഹിയെ ഇവിടെ പൂജിക്കുന്നത്. ക്ഷിപ്രപ്രസാദിയായ ഈ ദേവിയെ സിംഹവാഹനയായും അഷ്ടലക്ഷ്മി സ്വരൂപിണിയായും വിശ്വാസികൾ കരുതിപ്പോരുന്നു.
ക്ഷേത്രത്തിലെ വാർഷികാഘോഷങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ കുംഭമാസത്തിലെ പുണർതം മഹോത്സവവും മകരമാസത്തിലെ പൊങ്കാലയുമാണ്. നാടിൻ്റെ നാനാഭാഗത്തുനിന്നും നിരവധി ഭക്തർ പങ്കെടുക്കുന്ന ഈ ചടങ്ങുകൾ പൊയ്കമുക്കിൻ്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിൽ വലിയ പങ്കുവഹിക്കുന്നു.
