തെക്കൻ വേണാട്ടിൽ മുൻകാലങ്ങളിൽ ജീവിച്ചിരുന്ന പ്രജാക്ഷേമതത്പരരായ രാജാക്കന്മാരെയും വീരന്മാരെയും ദൈവതുല്യം ആരാധിക്കുന്ന പതിവുണ്ടായിരുന്നു. അത്തരത്തിൽ ആരാധിക്കപ്പെടുന്ന ഒരു ശൈവാവതാരമാണ് ഉലകുടയപെരുമാൾ. കാലക്രമേണ ഇത്തരം വീരാരാധന കേന്ദ്രങ്ങൾ ശിവ-ദേവി ക്ഷേത്രങ്ങളായി മാറിയെങ്കിലും, പഴയ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും തുടർച്ച ഇന്നും ഇവിടെ നിലനിൽക്കുന്നു.
ഉലകുടയപെരുമാളിനെ മഹാദേവൻ്റെ അവതാരമായും വലിയൊരു ദേവീഭക്തനായുമാണ് വിശ്വാസികൾ കണക്കാക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവങ്ങൾ വിശ്വാസവും ചരിത്രവും കോർത്തിണക്കിയവയാണ്. മൂന്ന് വർഷത്തിലൊരിക്കൽ മീനമാസത്തിൽ എട്ടുദിവസങ്ങളിലായി ആഘോഷിക്കുന്ന ഊരൂട്ട് മഹോത്സവമാണ് ഇതിൽ പ്രധാനം. ഉലകുടയപെരുമാളിൻ്റെ ജീവിതകഥയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ഈ ഉത്സവത്തിൻ്റെ ഭാഗമായി നടക്കുന്നു. ഇതിനുപുറമെ ധനുമാസത്തിലെ തിരുവാതിര, കുംഭമാസത്തിലെ മഹാശിവരാത്രി, കന്നി-തുലാം മാസങ്ങളിലെ നവരാത്രി എന്നിവയും വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നു. നവരാത്രി കാലങ്ങളിൽ സംഗീതത്തിനും നൃത്തത്തിനും വിദ്യാരംഭത്തിനും പ്രത്യേക പ്രാധാന്യമാണ് നൽകുന്നത്.
advertisement
ദൈനംദിന ചടങ്ങുകളുടെ ഭാഗമായി ദിവസവും നാല് പൂജകൾ ഇവിടെ നടക്കാറുണ്ട്. കൂടാതെ എല്ലാ മാസവും പൗർണമി നാളിൽ ഐശ്വര്യപൂജയും ദേവിക്ക് പ്രത്യേകമായി കുങ്കുമാഭിഷേകവും നടത്തപ്പെടുന്നു.
