പത്തു വയസ്സിൽ താഴെയുള്ള ആൺകുട്ടികളാണ് സാധാരണയായി ഈ വ്രതാനുഷ്ഠാനത്തിൽ പങ്കെടുക്കുന്നത്. പൊങ്കാലയ്ക്ക് ഏഴ് ദിവസം മുൻപ് തന്നെ വ്രതം ആരംഭിക്കുന്ന ഇവർ ക്ഷേത്രത്തിൽ താമസിച്ച് കർശനമായ ആചാരമര്യാദകൾ പാലിക്കുന്നു. ദിവസവും മൂന്നുനേരം ക്ഷേത്രക്കുളത്തിൽ കുളിച്ച് അമ്മയെ തൊഴുത് പ്രത്യേക മന്ത്രങ്ങൾ ജപിക്കുന്ന ഇവർക്ക് ഈ ദിവസങ്ങളിൽ ഭക്ഷണക്രമത്തിലും വലിയ നിയന്ത്രണങ്ങളുണ്ട്.
വ്രതകാലത്ത് ക്ഷേത്രത്തിലെ മേൽശാന്തിയിൽ നിന്നും മന്ത്രോപദേശം സ്വീകരിച്ച് 1008 നമസ്കാരങ്ങൾ പൂർത്തിയാക്കണമെന്നത് ഈ ചടങ്ങിൻ്റെ ഭാഗമാണ്. പൊങ്കാല ദിവസം വൈകുന്നേരമാണ് ഈ അനുഷ്ഠാനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം നടക്കുന്നത്. ചമയങ്ങളണിഞ്ഞ ബാലന്മാരുടെ ശരീരത്തിൽ 'ചൂരൽകുത്ത്' നടത്തുന്നു. ഇത് ദേവിക്ക് സമർപ്പിക്കുന്ന ഒരു ബലിയായി ഭക്തർ വിശ്വസിക്കുന്നു.
advertisement
വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ദേവിയുടെ പള്ളിവേട്ട ഘോഷയാത്രയിൽ കുത്തിയോട്ട ബാലന്മാർ അകമ്പടി സേവിക്കുന്നു. ശാരീരികമായ ബുദ്ധിമുട്ടുകളെക്കാൾ ഭക്തിക്കും ആത്മസമർപ്പണത്തിനും പ്രാധാന്യം നൽകുന്ന ഈ ചടങ്ങ് പൂർത്തിയാക്കുന്നതോടെ വ്രതമെടുത്ത ബാലന്മാർ ദേവിയുടെ അനുഗ്രഹം സിദ്ധിച്ചവരായി മാറുന്നു എന്നാണ് വിശ്വാസം.
തങ്ങളുടെ മക്കളെ ദേവിയുടെ സേവകരായി സമർപ്പിക്കുന്നത് കുടുംബത്തിന് ഐശ്വര്യം നൽകുമെന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് മാതാപിതാക്കളാണ് ഓരോ വർഷവും ആറ്റുകാലമ്മയുടെ സന്നിധിയിൽ കുത്തിയോട്ടത്തിനായി എത്തുന്നത്.
