യാത്രാവിവരണങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്നതിലൂടെ കേരള ടൂറിസത്തെ അടുത്തറിയാൻ സഹായിക്കുന്ന ട്രാവൽ ട്രെയിലുകളും, ഫോട്ടോഗ്രാഫി, യാത്രാവിവരണം തുടങ്ങിയ വിഷയങ്ങളിൽ വിവിധ വർക്ക്‌ഷോപ്പുകളും ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നു. ട്രാവൽ ലിറ്ററേച്ചർ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കാൻ തിരഞ്ഞെടുത്ത വർക്കല, അതിൻ്റെ പ്രകൃതിരമണീയത കൊണ്ട് എന്നും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.
തെക്കൻ കേരളത്തിലെ ഈ തീരദേശ പട്ടണം, പ്രശസ്തമായ വർക്കല ക്ലിഫ് എന്ന ചെങ്കുത്തായ പാറക്കെട്ടും, മണൽത്തീരവും, ഔഷധഗുണമുള്ള ജലപ്രവാഹങ്ങളും ഒത്തുചേരുന്ന ഒരു അപൂർവ സംയോജനമാണ്. അറബിക്കടലിനോട് ചേർന്നുള്ള ചെങ്കുത്തായ ഈ പാറക്കെട്ടുകളാണ് വർക്കലയുടെ ഏറ്റവും വലിയ പ്രത്യേകത. ക്ലിഫിൽ നിന്നുള്ള സൂര്യാസ്തമയ കാഴ്ചയും താഴെയുള്ള പാപനാശം ബീച്ചിൻ്റെ സൗന്ദര്യവും സഞ്ചാരികളെ ആകർഷിക്കുന്നു. പ്രസിദ്ധമായ ജനാർദ്ദനസ്വാമി ക്ഷേത്രവും ശ്രീനാരായണ ഗുരുദേവൻ മഹാസമാധി അടഞ്ഞ ശിവഗിരി മഠവും ഇവിടെ സ്ഥിതിചെയ്യുന്നത് ആത്മീയ ടൂറിസത്തിനും വലിയ സാധ്യത നൽകുന്നുണ്ട്.
advertisement
ആയുർവേദ കേന്ദ്രങ്ങളും യോഗാ പരിശീലന സ്ഥലങ്ങളും വർക്കലയെ ആരോഗ്യ ടൂറിസത്തിൻ്റെ കേന്ദ്രമായി മാറ്റുന്നു. ഈ സവിശേഷതകളുള്ള വർക്കലയിൽ നടക്കുന്ന 'യാനം' ഫെസ്റ്റിവൽ, കേരളത്തിൻ്റെ സാംസ്കാരിക സൗന്ദര്യത്തെയും യാത്രാനുഭവങ്ങളെയും കുറിച്ച് എഴുത്തുകാർക്ക് പ്രചോദനമേകും.