മണ്ടയ്ക്കാട് ദേവി ക്ഷേത്രം
സ്ത്രീകൾക്ക് ഇടുമുടിക്കെട്ടുമായി പ്രവേശിക്കാമെന്നതിനാൽ 'സ്ത്രീകളുടെ ശബരിമല' എന്നും മണ്ടയ്ക്കാട് ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നു. കുരുമുളകും തേങ്ങയും ആണ് ഇരുമുടിയിൽ നിറയ്ക്കുന്നത്.
മാർച്ച് മാസത്തിൽ നടക്കുന്ന 'കൊട മഹോത്സവം' ആണ് ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ആഘോഷം. കുംഭമാസത്തിലെ അവസാന ചൊവ്വാഴ്ച ആണ് ഇവിടുത്തെ പ്രധാന ഉത്സവം. കൊടൈവിഴയോടനുബന്ധിച്ച് വലിയ പടുക്ക, ഒടുക്കു പൂജ, ഏട്ടം കൊടൈ, ഭരണി കൊടൈ എന്നീ വിശേഷ പൂജകളുമുണ്ട്.
advertisement
മണ്ടയ്ക്കാട് ഭഗവതിയുടെ പ്രത്യേകത, ഈ ഭഗവതി കുടിക്കൊള്ളുന്നത് ശ്രീചക്രത്തിന് മുകളിലുള്ള ഒരു ചിതൽപ്പുറ്റിലാണെന്ന വിശ്വാസമാണ്. പതിനഞ്ച് അടിയോളം ഉയരമുള്ള ചിതൽപ്പുറ്റാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ഇത് വളർന്നു കൊണ്ടിരിക്കുകയാണ് എന്നാണ് സങ്കല്പം. ചിതൽപ്പുറ്റിന് മുകളിൽ നിർമിച്ചിട്ടുള്ള ഭഗവതിയുടെ മുഖം ചന്ദനത്തടി കൊണ്ടുണ്ടാക്കിയതാണെന്ന് പ്രദേശവാസികൾ പറയുന്നു. ഇതിൽ ഭഗവതി ആദിപരാശക്തി കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം.
മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ ഭാവങ്ങൾ ഭഗവതിക്ക് കല്പിച്ചു വരുന്നു. എങ്കിലും കാളി എന്ന ഭാവം ആണ് പ്രധാനം. ആറ്റുകാൽ ക്ഷേത്രം പോലെ തന്നെ തലസ്ഥാന നഗരത്തിലെ സ്ത്രീകളെ പ്രധാനമായും ആകർഷിക്കുന്ന ക്ഷേത്രം കൂടിയാണ് മണ്ടയ്ക്കാട്. ചില രോഗങ്ങളുടെ ശമനത്തിനു വേണ്ടിയും ആഗ്രഹസഫലീകരണത്തിനു വേണ്ടിയും ഇവിടെ എത്തി പ്രാർത്ഥനയും വഴിപാടുകളും നടത്തുന്നവരുണ്ട്.