ഇരട്ടപ്പദവി ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ബി അശോക് ഐഎഎസാണ് തിരുവനന്തപുരം ജില്ലാ കോടതിയിൽ ഹർജി നൽകിയത്. സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധമാണെന്നാണ് ഹർജിയില്‍ ആരോപിക്കുന്നത്. ഐഎജി ഡയറക്ടർ ആയിരിക്കെ ബോർഡ് പ്രസിഡന്റായത് ചട്ടവിരുദ്ധം എന്നാണ് ആക്ഷേപം.
ഇതിൽ വിശദീകരണം നൽകുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്.
ഐഎംജിയിൽ ഡയറക്ടർ എന്ന നിലയിൽ താത്കാലിക ചുമതലയാണ് നിർവഹിക്കുന്നത്. ആ ചുമതലയിലേക്ക് സ്ഥിരനിയമനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതുവരെ അവിടെ ഇരിക്കുന്നുവെന്ന് മാത്രം. ദേവസ്വം ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ശമ്പളം കൈപ്പറ്റുന്നില്ലെന്നും കെ. ജയകുമാർ പറഞ്ഞു.
advertisement
"സർക്കാർ തീരുമാനത്തിനെതിരേയാണ് ഹർജി. ഉചിതമായ രീതിയിൽ സർക്കാർ മറുപടി നൽകും. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഇരിക്കുന്നത്. ഐഎംജിയിൽ തുടരുന്നുണ്ട് എന്ന് മാത്രം. ഒരേസമയം രണ്ടിടത്തുനിന്ന് ശമ്പളം കൈപ്പറ്റുന്നില്ല. ദേവസ്വം ബോർഡിൽനിന്ന് ഞാൻ വാങ്ങുന്നില്ല. എനിക്കുപകരം ഒരാളെ നിയമിക്കുംവരെ അവിടെ ഇരിക്കുന്നുവെന്ന് മാത്രം. നിയമവിരുദ്ധമായി ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. സർക്കാരാണ് പറയുന്നത്. ഉചിത മറുപടി സർക്കാർ നൽകും. സർക്കാർ പറഞ്ഞതനുസരിച്ചാണ് ഞാൻ ഇവിടെ എത്തിയത്", കെ. ജയകുമാർ പറഞ്ഞു.
