ജനുവരി 4-നാണ് പെയിന്റിംഗ് തൊഴിലാളിയായ കുന്നുമ്മേൽ സ്വദേശി രഞ്ജിത്തും (41) ഭാര്യ അംബികയും (36) സഞ്ചരിച്ച ബൈക്കിൽ അമിതവേഗത്തിലെത്തിയ ജീപ്പിടിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അംബിക ചികിത്സയിലിരിക്കെ ജനുവരി 7ന് മരിച്ചു. 20ന് വൈകിട്ടോടെ രഞ്ജിത്തും മരണത്തിന് കീഴടങ്ങി.ഇവരുടെ മരണത്തോടെ ആറും ഒന്നരയും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളാണ് അനാഥരായത്.
അപകടശേഷം രക്ഷപെടാന്‍ ശ്രമിച്ച ജീപ്പ് ഡ്രൈവര്‍ അംബികയുടെ തലയിലൂടെ വാഹനം കയറ്റിയിറക്കി. തുടര്‍ന്ന് പോസ്റ്റിലിടിച്ചു. വീണ്ടും രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ജീപ്പ് നാട്ടുകാര്‍ തടഞ്ഞിടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വാഹന ഉടമ വളളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നെങ്കിലും സ്റ്റേഷനിൽ നിന്ന് ഇയാളെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.
advertisement
അപകടം നടന്ന സമയത്ത് ജീപ്പിൽ നിന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്റേത് ഉൾപ്പെടെ രണ്ട് തിരിച്ചറിയൽ രേഖകൾ നാട്ടുകാർക്ക് ലഭിച്ചിരുന്നു. ജീപ്പിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ സംരക്ഷിക്കാൻ പോലീസ് ബോധപൂർവ്വം ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം.അപകടം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വിമർശനം ശക്തമാണ്. കേസ് മനഃപൂർവമല്ലാത്ത നരഹത്യയായി ഒതുക്കിത്തീർക്കാനും ഉന്നതരായ വ്യക്തികളെ രക്ഷിക്കാനും പോലീസ് ശ്രമിച്ചതായി ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയിട്ടും തുടക്കത്തിൽ നടപടികളൊന്നും ഉണ്ടായിരുന്നില്ല.ഒടുവിൽ അംബികയുടെ മരണത്തെത്തുടർന്നുണ്ടായ കടുത്ത പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങിയാണ് നരഹത്യയ്ക്കുള്ള വകുപ്പ് ചേർക്കാൻ പോലീസ് തയ്യാറായത്.
