പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമായ ജോ ജോസഫ് സാമൂഹ്യ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. എറണാകുളം ലിസി ആശുപത്രിയില്‍ ഡോ ജോസ് ചാക്കോ പെരിയപ്പുറത്തിനൊപ്പം നിരവധി ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അത്തരത്തിൽ ഒരു ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി പ്രവർത്തിച്ച ചിത്രമാണ് സ്ഥാനാർത്ഥിത്വം തീരുമാനിച്ചതിന് പിന്നാലെ ജോ തൻ്റെ ഫേസ് ബുക്കിൻ്റെ കവർ ചിത്രമായി മാറ്റിയത്.
തിരുവനന്തപുരത്ത് നിന്നും അപകടത്തിൽപെട്ട വ്യക്തിയുടെ ഹൃദയവുമായി എറണാകുളം ലിസി ആശുപത്രിയിലേക്ക് തിരിച്ച സംഘത്തിൽ ജോ ജോസഫും ഉണ്ടായിരുന്നു. ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് വേണ്ടിയായിരുന്നു ഹൃദയവുമായി ജോയും സംഘവും യാത്ര തിരിച്ചത്. പ്രത്യേകം ശീതികരിച്ച ബോക്സിൽ ഹൃദയവുമായി ഹെലിക്കോപ്റ്ററിൽ കയറുവാൻ പോവുന്ന ചിത്രമാണ് ജോ ജോസഫ് എഫ് ബിയിൽ കവർ ചിത്രമായി മാറ്റിയത്.
advertisement
ദിവസങ്ങൾ നീണ്ടു നിന്ന സസ്പെൻസുകൾക്ക് ഒടുവിലാണ് ജോ ജോസഫിലേക്ക് സിപിഎമ്മെത്തിയത്. നേരത്തെ സജീവ സിപിഎം പ്രവർത്തകനായ കെ എസ് അരുൺ കുമാർ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നുവെങ്കിലും ഒടുവിൽ പൊതുസമ്മതൻ എന്ന നിലയിൽ ജോ ജോസഫിലേക്ക് സിപിഎം എത്തുകയായിരുന്നു. ജില്ലാ കമ്മിറ്റി യോഗത്തിലെല്ലാം അരുണിന്റെ പേരാണ് പരിഗണിക്കപ്പെട്ടതെങ്കിലും ഒടുവിൽ മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകളടക്കം പരിഗണിച്ചാണ് പുതുമുഖ സ്ഥാനാർത്ഥിയെ സിപിഎം തീരുമാനിച്ചത്.
പരേതരായ കെ.വി. ജോസഫിന്റേയും ഏലിക്കുട്ടിയുടേയും മകനായി 1978 ഒക്ടോബർ 30 നാണ് ജോ ജോസഫിന്റെ ജനനം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസ് ബിരുദം നേടിയ ജോ ജോസഫ്, കട്ടക്ക് എസ്സിബി മെഡിക്കൽ കോളേജിൽ നിന്നും ജനറൽ മെഡിസിനിൽ എംഡിയും ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും കാർഡിയോളജിയിൽ ഡിഎമ്മും നേടി. ആനുകാലികങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച നിരവധി ലേഖനങ്ങൾ എഴുതാറുണ്ട്. പ്രളയകാലത്ത് ഇദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാവുകയും അതിനു പുരസ്കാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
'ഹൃദയപൂർവ്വം ഡോക്ടർ' എന്ന പുസ്തകത്തിന്റെ രചയിതാവ് ആണ്.
തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ സെക്യാട്രിസ്റ്റായ ഡോക്ടർ ദയാ പാസ്കലാണ് ഭാര്യ. കളമശേരി രാജഗിരി പബ്ലിക് സ്കൂളിലെ പത്താം ക്ലാസ്സുകാരി ജവാൻ ലിസ് ജോ, ആറാം ക്ലാസ്സുകാരി ജിയന്ന എന്നിവരാണ് മക്കൾ.