തൃക്കാക്കര (Thrikkakara) എന്ന യുഡിഎഫിന്റെ പൊന്നാപുരം കോട്ട പിടിക്കാൻ എൽഡിഎഫ് (LDF) നിയോഗിച്ചത് പൂഞ്ഞാറിൽ (Poonjar) നിന്ന് ഹൃദ്രോഗ വിദഗ്ധനെ. 2021ലെ തെരഞ്ഞെടുപ്പിൽ പി ടി തോമസിനെ നേരിടാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ ഡോ. ജെ. ജേക്കബായിരുന്നു വന്നതെങ്കിൽ ഇത്തവണ ഉപതെരഞ്ഞെടുപ്പിൽ പി ടിയുടെ പ്രിയപത്നി ഉമ തോമസിനെതിരെ (Uma Thmas) പാർട്ടി ചിഹ്നത്തിൽ ഒരു ഡോക്ടറെ തന്നെയാണ് സിപിഎം അവതരിപ്പിക്കുന്നത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധന്‍ ഡോക്ടര്‍ ജോ ജോസഫാണ്(Jo Joseph) ഇത്തവണത്തെ എൽഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർഥി.
കളപ്പുരക്കൽ പറമ്പിൽ കുടുംബത്തിൽ കെ വി ജോസഫിന്റെയും എം ടി ഏലിക്കുട്ടിയുടെയും മകനായി 1978 ഒക്ടോബർ 30നാണ് ഡോ. ജോ ജോസഫ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പാലാ സെന്റ് വിൻസെന്റ് ഇംഗ്ലിഷ് മീഡിയം സ്കൂളിൽ. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നിന്നും പ്രീഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് പാസായശേഷം കോട്ടയം മെഡിക്കൽ കോളജിൽ നിന്നും എംബിബിഎസും ഒഡീഷയിലെ എസ്‍സിബി മെഡിക്കൽ കോളജിൽനിന്നും ജനറൽ മെഡിസിനിൽ ബിരുദാനന്തര ബിരുദവും നേടി. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) നിന്നു കാർഡിയോളജിയിൽ ഡിഎം കരസ്ഥമാക്കി. 2012 മുതൽ എറണാകുളം ലിസ്സി ആശുപത്രിയിൽ ഹൃദ്രോഗ വിദഗ്ധനായി പ്രവർത്തിച്ചു വരികയാണ്. അക്കാദമിക തലത്തിൽ ജോ ജോസഫ് മികവ് പുലർത്തിയിരുന്നു.
സാമൂഹിക, സാംസ്കാരിക ഇടപെടലുകളിലൂടെയും ശ്രദ്ധേയനാണ്. ഹൃദ്രോഗ, ഹൃദയാരോഗ്യ പരിപാലന രംഗത്തെ പ്രശസ്ത എന്‍ജിഒയായ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍റെ എക്സിക്യൂുട്ടീവ് ട്രസ്റ്റിയാണ്. വിവിധ കാർഡിയോളജി സംഘടനകളുടെ ഭാരവാഹി എന്ന നിലയിൽ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. പ്രളയകാലത്തും കോവിഡ് വ്യാപനകാലത്തും സാമൂഹിക ഇടപെടലുകൾ നടത്തി.
ഹൃദ്രോഗ ശാസ്ത്രത്തിൽ വിവിധങ്ങളായ പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാറ്റിവച്ച ഹൃദയങ്ങളിലെ ബയോപ്സി പരിശോധനയിൽ ഇന്ത്യയിൽത്തന്നെ ഏറ്റവുമധികം അനുഭവപരിചയമുള്ള ഹൃദ്രോഗ വിദഗ്ധരിൽ ഒരാളാണ് ഡോ. ജോ. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായി എഴുതുന്നയാളുമാണ് ജോ ജോസഫ്. ഭാര്യ ഡോ. ദയ പാസ്കൽ തൃശൂർ ഗവൺമെന്റ് മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന അന്തരിച്ച ലിസി സെബാസ്റ്റ്യനും ജോ ജോസഫിന്റെ ബന്ധുവാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.