ഇന്ന് വൈകിട്ടോടെയാണ് പ്രജീഷിനെ കടുവയുടെ ആക്രമണത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രണ്ടു മാസം മുമ്പ് കടുവയുടെ ആക്രമണശ്രമം ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അന്ന് തോട്ടം തൊഴിലാളികൾക്കുനേരെ കടുവ പാഞ്ഞടുത്തെങ്കിലും ആളുകൾ ബഹളം വെച്ചതോടെ പിന്തിരിയുകയായിരുന്നു.
സുൽത്താൻ ബത്തേരിയിൽ ഇന്ന് വൈകിട്ടോടെയാണ് പാതി ഭക്ഷിച്ച നിലയിൽ പ്രജീഷിന്‍റെ മൃതദേഹം കണ്ടെത്തുന്നത്. കാലിന്‍റെ ഭാഗം പൂര്‍ണമായും ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. ഈ സ്ഥലത്ത് കടുവയെ കണ്ടിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
advertisement
പാടത്ത് പുല്ലരിയാന്‍ പോയ പ്രജീഷ് ഏറെ വൈകിയിട്ടും വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇതോടെ പാടത്തേക്ക് പ്രജീഷിനെ അന്വേഷിച്ച് എത്തിയ സഹോദരനാണ് മൃതദേഹം കണ്ടെത്തിയത്. ഇടതു കാലിന്‍റെ പകുതിയോളം ഭാഗം പൂര്‍ണമായും കടിച്ചുകൊണ്ടുപോയ നിലയിലാണുള്ളത്.
Also Read- വയനാട്ടില്‍ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; ശരീര ഭാഗങ്ങൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി
ഈ വർഷമാദ്യം കർഷകനായ തോമസ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം ഏറെ കോളിളക്കമുണ്ടാക്കിയിരുന്നു. തോമസിനെ ആക്രമിച്ച കടുവയെ പിന്നീട് പിടികൂടിയിരുന്നു. കടുവ ആക്രമണത്തില്‍ പരിക്കേറ്റ തോമസിനെ ചികിത്സക്കായി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ നിർദേശിച്ചു. എന്നാൽ വൈകാതെ മരണം സംഭവിക്കുകയായിരുന്നു.
വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തുന്നുണ്ട്. അമ്പലവയലിലും കടുവയെ കണ്ടെത്തിയിരുന്നു. രണ്ടു ദിവസം മുമ്പ് താമരശേരി ചുരത്തിലും കടുവയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.