ഇതിനോടകം 1850 പൊലീസുകാരെയാണ് നടതുറക്കുന്നതിനു മുന്നോടിയായി ശബരിമലയിലും പരിസരപ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്നത്. 2300 പൊലീസുകാരെ വരെ വിന്യസിക്കുമെന്നാണ് സൂചന. എ.ഡി.ജി.പി അനില്‍കാന്തിനാണ് സുരക്ഷയുടെ മേല്‍നോട്ടച്ചുമതല. എഡിജിപി എസ്. ആനന്ദകൃഷ്ണനെ ജോയിന്റ് പൊലീസ് കോഓര്‍ഡിനേറ്ററായും ഐ.ജി എം.ആര്‍. അജിത് കുമാര്‍ സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളിലെ സുരക്ഷാ ചുമതലയുടെ മേല്‍നോട്ടത്തിനുമായി നിയോഗിച്ചു. ഐ.ജി അശോക് യാദവിനാണ് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ സുരക്ഷാച്ചുമതല.
advertisement
ചിത്രം- അഖിൽ ഓട്ടുപാറ
100 വനിതാ പൊലീസുകാരെയും 20 കമാന്‍ഡോസംഘത്തെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പത്തു വീതം എസ്.പിമാരും ഡിവൈ.എസ്.പിമാരും ഡ്യൂട്ടിയിലുണ്ടാകും. നിരോധനാജ്ഞ നിലവിൽവന്ന സാഹചര്യത്തില്‍ നിലയ്ക്കലില്‍ വാഹനങ്ങള്‍ പരിശോധിക്കും. തിങ്കളാഴ്ച ഉച്ചയോടെ മാത്രമേ ഭക്തരെ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടൂ. അഞ്ചിന് രാവിലെ എട്ടിനുശേഷം മാത്രമെ മാധ്യമ പ്രവര്‍ത്തകരെയും പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശിപ്പിക്കൂ. വടശേരിക്കര മുതല്‍ സന്നിധാനം വരെ നാലു മേഖലകളായി തിരച്ചാണ് സുരക്ഷയൊരുക്കുന്നത്. ആറിന് അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ.
പ്രതിഷേധക്കാരെ കണ്ടെത്തുന്നതിന്റെ ഭാഗമായി വിവിധ വാട്‌സ്ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകളിലും പൊലീസ് നിരീക്ഷണമുണ്ട്. നവംബര്‍ അഞ്ചിന് ഒറ്റ ദിവസത്തേക്കാണ് നട തുറക്കുന്നതെങ്കിലും തുലാമാസ പൂജ സമയത്തുണ്ടായതിനു സമാനമായ സംഘര്‍ഷങ്ങള്‍ ഉണ്ടായേക്കാമെന്ന വിവരത്തെ തുടര്‍ന്നാണ് പഴുതടച്ച സുരക്ഷയൊരുക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
