ട്രെയിൻ പ്ലാറ്റ് ഫോം പിടിച്ചാലുടൻ യാത്രക്കാർ പുറത്തേക്കിറങ്ങി സ്റ്റേഷന് പുറത്ത് കാത്ത് കിടക്കുന്ന കെ.എസ്.ആർ.ടി.സി ബസിലേക്ക് ഓട്ടമാണ്. ഒരു ബസ് മെഡിക്കൽ കോളേജ് വഴി കിഴക്കേകോട്ടയിലേക്കും രണ്ടാമത്തെ ബസ് തമ്പാനൂർ വഴി കിഴക്കേകോട്ടയിലേക്കുമാണ്. നിമിഷനേരം കൊണ്ട് രണ്ടു ബസും നിറയും. എന്നാൽ, ബസിലെ തിരക്ക് ഒഴിവാക്കാൻ ഓട്ടോ പിടിക്കാമെന്ന് വെച്ചാൽ കീശ കീറും. എസി ബസിലാണെങ്കിൽ 22 രൂപയാകുന്ന ദൂരത്തേക്ക് 250 രൂപയാണ് കൊച്ചുവേളിയിലെ ഓട്ടോക്കാരുടെ ഡിമാൻഡ്.
രാവിലെ അഞ്ചുമണിക്ക് ശേഷം കിഴക്കേകോട്ട വരെ പോകുന്നതിന് പരമാവധി 151 രൂപയാണ് സാധാരണനിരക്ക്. പക്ഷേ, കൊച്ചുവേളി മുതൽ തമ്പാനൂർ വരെ ഇവർ ആവശ്യപ്പെടുന്നത് 350 രൂപയാണ്. അതായത് സാധാരണ ചാർജിനേക്കാൾ ഇരട്ടിയിലധികം.
advertisement
സുധാകരന്‍റെ പരാമർശത്തിൽ വിഷമമുണ്ടെന്ന് മുല്ലപ്പള്ളി; വിഷമം വി.എസിനെ അറിയിച്ചു
റെയിൽവേസ്റ്റേഷനിൽ നിന്ന് ഹൈവേയിലേക്ക് നടന്നെത്താൻ വേണ്ടത് അഞ്ചു മിനിട്ട് മാത്രമാണ്. സാധാരണ 30 രൂപ ഓട്ടോനിരക്ക്. പക്ഷേ നൂറ് രൂപയ്ക്ക് ഇടപാട് ഉറപ്പിക്കാതെ കൊച്ചുവേളിയിലെ ഓട്ടോക്കാർ വണ്ടി സ്റ്റാർട്ടാക്കില്ല. ഓട്ടോക്കാരുടെ കഴുത്തറുപ്പിനെക്കുറിച്ച് പരാതി പറഞ്ഞു മടുത്തിരിക്കുകയാണ് യാത്രക്കാർ. പ്രീപെയ്ഡ് സംവിധാനം വേണമെന്ന യാത്രക്കാരുടെ ദീർഘനാളത്തെ ആവശ്യത്തോട് അധികൃതരും കണ്ണടച്ചിരിക്കുകയാണ്.
പുലർച്ചെ സ്റ്റേഷനിൽ എത്തുന്നവർക്ക് മാത്രമല്ല ഈ ദുരവസ്ഥ. മൈസൂർ - കൊച്ചുവേളി എക്സ്പ്രസ് അടക്കമുളള ട്രെയിനുകൾ വൈകി അസമയത്തെത്തിയാലും ഓട്ടോക്കാർക്ക് ചാകരയാണ്. ടെക്കികളടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ആർസിസി അടക്കം ആശുപത്രിയിലേക്ക് എത്തുന്ന രോഗികളും നിരവധിയാണ്.