പരിപാടിയിൽ ആദ്യം സംസാരിച്ച എം.കെ. സ്റ്റാലിൻ പിണറായി വിജയനു മുന്നിൽ വൈക്കം സത്യഗ്രഹം ഒരുമിച്ച് ആഘോഷിക്കാമെന്ന് ആവശ്യപ്പെട്ടു. പിന്നീടു സംസാരിച്ച പിണറായി വിജയൻ സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ സ്റ്റാലിനെ ക്ഷണിച്ചു.
സനാതന ധർമത്തിന് കീഴിലായിരുന്നു മനുഷ്യത്വത്തിന് വിരുദ്ധമായ അവസ്ഥ ഇവിടെയുണ്ടായത്. അധഃസ്ഥിതരെന്നും കരുതപ്പെട്ടിരുന്ന സ്ത്രീകൾ മാറുമറക്കരുതെന്ന നിയമം കൊണ്ടുവന്നു. രാജഭരണ ഘട്ടത്തിൽ അതിനെതിരെയുണ്ടായ ചെറുത്തുനിൽപ്പുകളിലൊന്നായിരുന്നു മാറുമറക്കൽ സമരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
സനാതന ധർമത്തിൽ ഊന്നിയ രാജ്യമായിരിക്കും തിരുവിതാംകൂർ എന്നായിരുന്നു മാർത്തണ്ഡവർമയുടെ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. ഇതേ ഹിന്ദു ധർമം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ ബ്രാഹ്മണാഘധിപത്യത്തിന്റെ രാജാവാഴ്ചക്കാലമാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
‘ബ്രാഹ്മണിക്കൽ കാലഘട്ടത്തിലേക്കാണ് സംഘപരിവാറിന്റെ പോക്ക്. പശു കേന്ദ്രീകൃത രാഷ്ട്രീയമാണ് നടത്തുന്നത്. നമ്മുടെ നാട്ടിൽ ഇപ്പോഴും സനാതന ഹിന്ദുത്വം എന്ന വാക്ക് മുഴങ്ങിക്കേൾക്കുന്നു. ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ച കാലമാണ് സംഘപരിവാർ ഇതിലൂടെ ലക്ഷ്യമിടുന്നത്’ മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്നാട് മതനിരപേക്ഷ പുരോഗമന മുന്നണിയുടെ നേതൃത്വത്തിൽ നാഗരാജ സ്‌റ്റേഡിയത്തിലായിരുന്നു സമ്മേളനം. സിപിഐ എം കന്യാകുമാരി ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോ- ഓർഡിനേഷൻ കൺവീനറുമായ എ വി ബെല്ലാർമിൻ അധ്യക്ഷനായി. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്‌ണൻ, ഐടി മന്ത്രി മനോ തങ്കരാജ്, തോൽ തിരുമാവലൻ എംപി, സിപിഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം വീരപാണ്ഡ്യൻ, നാഗർകോവിൽ മേയർ ആർ മഹേഷ്, ബാലപ്രജാപതി തുടങ്ങിയവർ സംസാരിച്ചു. കന്യാകുമാരി ജില്ലാ സെക്രട്ടറി ആർ ചെല്ലസ്വാമി സ്വാഗതം പറഞ്ഞു.