മാട്രിമോണിയല്‍ വഴി വിവാഹാലോചന ഉറപ്പിക്കുന്ന സമയത്ത് തന്റെ മകള്‍ക്ക് താന്‍ 101 പവന്‍ സ്ത്രീധനം നല്‍കിയെന്നും നിങ്ങള്‍ എന്ത് നല്‍കുമെന്ന് കിരണിന്റെ പിതാവ് ചോദിച്ചെന്നും 101 പവന്‍ സ്വര്‍ണവും 1.2 ഏക്കര്‍ സ്ഥലവും ഒരു കാറും നല്‍കാമെന്ന് സമ്മതിച്ചെന്ന് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. എന്നാല്‍ കോവിഡ് കാരണം 80 പവന്‍ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളു. ടയോട്ട യാരിസ് കാറാണ് താന്‍ വാങ്ങി നല്‍കിയതെന്നും കോടതിയില്‍ വെളിപ്പെടുത്തി.
വിവാഹത്തലേന്ന് വീട്ടിലെത്തിയ കിരണിന് കാറ് കണ്ട് ഇഷ്ടപ്പെട്ടില്ല. വേറെ കാര്‍ വേണമെന്ന് മകളോട് ആവശ്യപ്പെട്ടെന്നും വേറെ കാര്‍ വാങ്ങി നല്‍കാമെന്ന് വിവാഹ ദിവസം തന്നെ താന്‍ കിരണിനോട് പറഞ്ഞുവെന്നും സാക്ഷി വെളിപ്പെടുത്തി. വിവാഹം കഴിഞ്ഞ് 10 ദിവസത്തിനുള്ളില്‍ സ്വര്‍ണം ലോക്കറില്‍ വയ്ക്കാനായി തൂക്കി നോക്കിയപ്പോള്‍ അളവില്‍ കുറവ് കണ്ടതിനെ തുടര്‍ന്ന് കിരണ്‍ വിസ്മയയെ ഉപദ്രവിച്ചതായും ഫോണില്‍ കിരണ്‍ വിളിച്ചപ്പോള്‍ മകള്‍ കരഞ്ഞുകൊണ്ട് തന്നെ വീട്ടില്‍ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ത്രിവിക്രമന്‍ നായര്‍ മൊഴി നല്‍കി.
advertisement
ഓണ സമയത്ത് കാറില്‍ സഞ്ചരിക്കവെ ഇക്കാര്യം പറഞ്ഞ് കിരണ്‍ ഉപദ്രവിച്ചതിനെ തുടര്‍ന്ന് വിസ്മയ കാറില്‍ നിന്നിറങ്ങി ചിറ്റുമലയിലെ ഒരു വീട്ടില്‍ അഭയം തേടി. ഇക്കാര്യം കിരണിനോട് ചോദിച്ചപ്പോള്‍ തന്നോട് കിരണ്‍ മോശമായി സംസാരിച്ചു. അന്ന് താനും ഭാര്യയും കൂടി കിരണിന്റെ വീട്ടില്‍ ചെന്നിരുന്നു. കൊടുക്കാമെന്ന് പറഞ്ഞത് മുഴുവന്‍ കൊടുത്താല്‍ തീരുന്ന പ്രശ്‌നമേയുള്ളൂവെന്നും കിരണ്‍ പറഞ്ഞതായി സാക്ഷി വെളിപ്പെടുത്തി. പിന്നീട് ജനുവരി മൂന്നിന് രാവിലെ മകന്‍ വിജിത്തിന്റെ നിലവിളി കേട്ട് താഴെ വന്നപ്പോള്‍ വിസ്മയ കരഞ്ഞുകൊണ്ട് നില്‍ക്കുന്നതും കിരണ്‍ മകനെ ആക്രമിക്കുന്നതും കണ്ടു. കാര്യം ചോദിച്ചപ്പോള്‍ പാട്ടക്കാറും വേസ്റ്റ് പെണ്ണും ഇവിടെ നില്‍ക്കട്ടെയെന്ന് പറഞ്ഞ്, വിസ്മയ ഇട്ട മാല ഊരി തന്റെ മുഖത്തെറിഞ്ഞശേഷം കിരണ്‍ ഇറങ്ങിപ്പോയി.
മകന്റെ പരിക്കുകള്‍ ഗുരുതരമാകയാല്‍ മെഡിക്കല്‍ കോളജില്‍ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് അറിയിച്ചു. ചികിത്സയ്ക്ക് ശേഷം തിരികെ വന്നപ്പോള്‍ കിരണിന്റെ പിതാവും അളിയനും രണ്ട് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിലുണ്ടായിരുന്നു. കിരണിന്റെ ജോലിയെ ബാധിക്കുമെന്ന് പറഞ്ഞതിനാല്‍ താന്‍ കേസില്‍ നിന്ന് പിന്മാറിയെന്നും സാക്ഷി വെളിപ്പെടുത്തി.
പിറ്റേദിവസം പരീക്ഷയുടെ ഹാള്‍ ടിക്കറ്റെടുക്കാന്‍ താനും വിസ്മയയും കൂടി കിരണിന്റെ വീട്ടില്‍ പോയി. അവിടെ ചെന്നശേഷം അവിടെ നിന്നുകൊള്ളാമെന്ന് വിസ്മയ പറഞ്ഞു. ജ്യേഷ്ഠന്‍ വിജിത്തിന്റെ വിവാഹസമയത്ത് താന്‍ വീട്ടില്‍ നില്‍ക്കുന്നത് നാട്ടുകാര്‍ അറിഞ്ഞാല്‍ നാണക്കേടാകുമെന്ന് കരുതിയാണ് നിന്നതെന്ന് വിസ്മയ തന്നോട് പറഞ്ഞിരുന്നു. ജനുവരി 11ന് മകന്റെ വിവാഹം ക്ഷണിക്കാന്‍ ചെന്നപ്പോള്‍ വിസ്മയ വീണ്ടും പ്രശ്‌നത്തിലാണെന്ന് മനസ്സിലാക്കി തങ്ങള്‍ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവന്നു.
മകന്റെ വിവാഹത്തിനുപോലും കിരണോ ബന്ധുക്കളോ വന്നില്ല. വിവാഹശേഷം മരുമകളോട് വിസ്മയ എല്ലാ വിവരങ്ങളും വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് വിവാഹ ബന്ധം ഒഴിയുന്നിതിനുള്ള നീക്കം തുടങ്ങി. അപ്രകാരം ചര്‍ച്ചകള്‍ നടക്കവെ മാര്‍ച്ച് 17ന് വിസ്മയ കിരണിനൊപ്പം വീട്ടിലേയ്ക്ക് പോയി. കിരണ്‍ നിര്‍ബന്ധിച്ച് വിളിച്ചുകൊണ്ടുപോയത് സ്‌നേഹം കൊണ്ടല്ല, കേസ് ഒഴിവാക്കാനാണെന്ന് പറഞ്ഞുവെന്നും ത്രിവിക്രമന്‍ നായര്‍ മൊഴി നല്‍കി. അതിനുശേഷം തന്റെയും മകന്റെയും ഫോണും ഫേസ്ബുക്കും കിരണ്‍ ബ്ലോക്ക് ചെയ്തു.
Also Read-Campus murder|ധീരജിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് FIR;രണ്ടുപേർ അറസ്റ്റിൽ
പിന്നീട് ജൂണ്‍ 21ന് കിരണിന്റെ അച്ഛനാണ് വിസ്മയ ആശുപത്രിയിലാണെന്ന് വിളിച്ചുപറഞ്ഞത്. ആശുപത്രിയിലേയ്ക്ക് പോകുന്നവഴി മരണവിവരം അറിഞ്ഞു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ചെന്ന് മൊഴി നല്‍കി. ത്രിവിക്രമന്‍ നായരുമായി കിരണ്‍ നടത്തിയ സംഭാഷണം കിരണിന്റെ ഫോണില്‍ നിന്ന് ലഭിച്ചത് സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. ക്രോസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജി മോഹന്‍രാജ്, നീരാവില്‍ അനില്‍കുമാര്‍, ബി അഖില്‍ എന്നിവരും പ്രതിഭാഗത്തിനുവേണ്ടി സി പ്രതാപചന്ദ്രന്‍പിള്ളയും ഹാജരായി.