അപകടം നടന്ന രാത്രി മുഴുവൻ മണിയൻപിള്ള രാജുവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നും ഇതേത്തുടർന്ന് അദ്ദേഹത്തിൻ്റെ വീടിന് മുന്നിൽ പോലീസിന് കാവൽ നിൽക്കേണ്ടി വന്നുവെന്നും സിഐ വ്യക്തമാക്കി. പിറ്റേന്ന് രാവിലെ 7.30-നാണ് അദ്ദേഹത്തെ ബന്ധപ്പെടാൻ സാധിച്ചത്. നേരിട്ട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചുവെന്നും അല്ലാത്തപക്ഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയതായും പോലീസ് മൊഴിയിൽ പറയുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിന് സമീപം അപകടമുണ്ടായത്. ക്ലബ്ബിൽ നിന്ന് പുറത്തേക്ക് വരികയായിരുന്ന മണിയൻപിള്ള രാജുവിൻ്റെ കാറിൽ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടൻ വാഹനം നിർത്താതെ അദ്ദേഹം പോയത് വലിയ വിവാദമായിരുന്നു. എന്നാൽ ഭയം കാരണമാണ് നിർത്താതിരുന്നതെന്നും ആംബുലൻസ് വിളിക്കാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു എന്നുമാണ് നടൻ പിന്നീട് വിശദീകരിച്ചത്.
advertisement
പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ പ്രകാരം മണിയൻപിള്ള രാജു ഇൻഡിക്കേറ്റർ ഇട്ട് വളരെ സാവധാനമാണ് പ്രധാന റോഡിലേക്ക് വാഹനം പ്രവേശിക്കുന്നത്. ഈ സമയം വേഗതയിലെത്തിയ ബൈക്ക് കാറിൽ ഇടിക്കുകയും ബൈക്ക് യാത്രക്കാരായ ശ്രീകണ്ഠേശ്വരം സ്വദേശികൾ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. പരിക്കേറ്റ സൂരജ്, നിദേവ് എന്നിവർ നിലവിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരായ മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.
