മയക്കുവെടിയേറ്റതിനെ തുടര്‍ന്ന് മയങ്ങി വീണ കൊമ്പന്റെ മസ്തകത്തിലെ മുറിവ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. പുഴുവരിച്ച നിലയിലായിരുന്നു ഈ മുറിവ്. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളെയാണ് ആനയെ തളയ്ക്കാനായി എത്തിച്ചിരുന്നത്.
ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍ ഈ മുറുവില്‍ പുഴുവരിച്ചനിലയില്‍ കണ്ടതോടെ ആനയുടെ ജീവനില്‍ ആശങ്കവന്നത്. തുടര്‍ന്ന് ആനയെ മയക്കുവെടി വെച്ച് തളച്ച് ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
advertisement
വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്. നേരത്തെ കൊമ്പന്റെ ഒപ്പമുണ്ടായിരുന്ന ഏഴാമുറ്റം ഗണപതി എന്ന മറ്റൊരു കൊമ്പന്‍ ഇതിനെ മറിച്ചിട്ടിരുന്നു. ഏഴാമുറ്റം ഗണപതിയെ വെടിപൊട്ടിച്ച് ഭയപ്പെടുത്തി ഓടിച്ചതിന് പിന്നാലെയാണ് മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചത്.