കുളത്തുപ്പുഴ ചോഴിയക്കോട് കല്ലടയാറ്റിലെ കയത്തിൽ വീണാണ് ഭരതന്നൂർ സ്വദേശി ഫൈസൽ (31) മരിച്ചത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാൻ ശ്രമിക്കവെ ഫൈസൽ മുങ്ങിമരിക്കുകയായിരുന്നു. മകളെ സമീപത്ത് ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി. മുഹമ്മദ് ഫൈസലിനെ നാട്ടുകാർ ആറ്റിൽ നിന്ന് പുറത്ത് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മി - അനു ദമ്പതികളുടെ മകൾ ഐറിൻ(18) ആണ് മരിച്ചത്. വീടിനു പിന്നിലെ കടവിൽ സഹോദരിക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽ പെടുകയായിരുന്നു. കുട്ടിയെ കയത്തിൽ നിന്നെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
പാലക്കാട് കടമ്പഴിപ്പുറം അമൃതാലയത്തിൽ സന്തോഷ് കുമാറിന്റെ മകൾ ശിവാനി (14) ആണ് മരിച്ച മൂന്നാമത്തെയാൾ. കടമ്പഴിപ്പുറം ഹൈസ്കൂളിലെ 9ാം ക്ലാസ് വിദ്യാ൪ത്ഥിയായിരുന്നു. ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ ശ്രീകണ്ഠേശ്വരം മണ്ടഴിക്കടവിലായിരുന്നു അപകടം. കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു. ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ജീവനോടെയാണ് ശിവാനിയെ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.