TRENDING:

U Prathibha| വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കും

Last Updated:

''പാർട്ടിക്ക് അപ്രിയമായ ഒരു പ്രവർത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്ന് ഉണ്ടായി. സമൂഹ മാധ്യമ വേദികളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുന്നു''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: കായംകുളം (Kayamkulam) അസംബ്ലി മണ്ഡലത്തിലെ വോട്ട് ചോര്‍ച്ച എങ്ങും ചര്‍ച്ചയായില്ലെന്ന ഫേസ്ബുക്ക് പോസ്റ്റിൽ (Facebook Post) ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎൽഎ (U Prathibha MLA). വ്യക്തിപരമായ മനോവിഷമത്തെ തുടർന്നായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്. പാർട്ടിക്ക് അപ്രിയമായ ഒരു പ്രവർത്തിയും ഇനി ഉണ്ടാവില്ല. കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്ന് ഉണ്ടായി. സമൂഹ മാധ്യമ വേദികളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കുന്നു എന്നും പ്രതിഭ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
യു പ്രതിഭ എംഎൽഎ
യു പ്രതിഭ എംഎൽഎ
advertisement

യു പ്രതിഭയുടെ കുറിപ്പ്

കഴിഞ്ഞ ദിവസം എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ചില വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഈ വിശദീകരണക്കുറിപ്പ്.തികച്ചും വ്യക്തിപരമായ ഒരു മാനസികാവസ്ഥയിലാണ് അങ്ങനെ ഒരു പോസ്റ്റ് എഴുതാൻ ഇടയായത്..ജനപ്രതിനിധിയും പൊതുപ്രവർത്തകയും എന്നതുപോലെ തന്നെ മകനോടും മാതാപിതാക്കളോടും ഒപ്പം ജീവിക്കുന്ന സാധാരണക്കാരിയായ ഒരു വീട്ടമ്മയും കൂടെയാണ് ഞാൻ. ഇന്നത്തെ ഞാനാക്കി എന്നെ വളർത്തിയത് ഞാൻ സ്നേഹിക്കുന്ന എൻറെ പ്രസ്ഥാനം ആണ്.ജീവിതത്തിലെ സന്തോഷങ്ങളിൽ എന്നതുപോലെ, കഠിനമായ സങ്കടങ്ങളിലും എനിക്ക് കരുത്തും കരുതലും നൽകി നിലനിർത്തിയത് ഈ പ്രസ്ഥാനത്തിലെ ആയിരക്കണക്കിന് വരുന്ന പ്രവർത്തകരുടെ സ്നേഹ വിശ്വാസങ്ങളാണ്.ഈ പ്രതിബദ്ധത പ്രാണവായു പോലെ ഹൃദയത്തിൽ സൂക്ഷിച്ചു മാത്രമാണ് ഞാൻ ഇന്നേവരെ നില കൊണ്ടിട്ടുള്ളത്.നാളെകളിലും തീർച്ചയായും അങ്ങനെ തന്നെ ആയിരിക്കും.

advertisement

ഉത്തരവാദിത്വങ്ങളും ചുമതലകളും പിഴവു വരാതെ നിർവഹിച്ചു മുന്നോട്ടുപോകുന്ന മാനസിക സംഘർഷം നിറഞ്ഞ സന്ദർഭങ്ങളിൽ. കാരണങ്ങൾ ഇല്ലാത്ത കുറ്റപ്പെടുത്തലുകളും ആക്ഷേപങ്ങളും ചിലരിൽ നിന്നും ഉണ്ടാവുന്നത് ആരെയും വേദനിപ്പിക്കും.. പ്രത്യേകിച്ചും വ്യക്തിപരമായ വിഷമങ്ങൾ കൂടിയുള്ള സാധാരണക്കാരിയായ ഒരു സ്ത്രീ എന്ന നിലയിൽ അത് മനസ്സിൽ ആഴത്തിലുള്ള മുറിവുണ്ടാക്കും. അത്തരമൊരു സാഹചര്യത്തിലാണ് ഞാൻ മേൽപ്പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ് എഴുതാൻ ഇടയായത്.

തികച്ചും വ്യക്തിപരമായ മനോദുഃഖത്തിൽ നിന്നും ഉരുത്തിരിഞ്ഞ ആ കുറിപ്പ് മറ്റുള്ളവർക്ക് വിഷമമുണ്ടാക്കി എന്നറിയുന്നതിൽ എനിക്ക് വാക്കുകൾക്കതീതമായ ദുഃഖമുണ്ട്.എന്ത് പ്രതിസന്ധികൾ ഉണ്ടായാലും ഞാൻ ജീവനുതുല്യം സ്നേഹിക്കുന്ന എന്റെ പാർട്ടിക്ക് അപ്രിയവും അഹിതവുമായ ഒരു പ്രവൃത്തിയും എന്നിൽ നിന്നും ഉണ്ടാവില്ല. എന്റെ വാക്കുകൾ അറിഞ്ഞോ അറിയാതെയോ ആർക്കെങ്കിലും വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അവരിൽ ഓരോരുത്തരോടും ഞാൻ വ്യക്തിപരമായി ഹൃദയപൂർവ്വം ഖേദം പ്രകടിപ്പിക്കുന്നു. ഇത് എന്റെ മനസ്സിൽ നിന്നും വരുന്ന നേരിന്റെ ശബ്ദമായി നിങ്ങളേവരും സ്വീകരിക്കണം..

advertisement

എംഎൽഎ എന്ന നിലയിൽ കായംകുളത്തെ ജനങ്ങളുടെ ക്ഷേമത്തിനും നാടിൻറെ നന്മയ്ക്കും ഉയർച്ചയ്ക്കും വേണ്ടിയാണ് ഞാൻ എന്നും നില കൊണ്ടിട്ടുള്ളത്.എൻറെ പാർട്ടിയിലെ അച്ചടക്കമുള്ള ഒരു പ്രവർത്തകയായി മുന്നോട്ടു പോകാനേ എനിക്ക് കഴിയുകയുള്ളൂ.

സമൂഹ മാധ്യമ വേദികളിൽ നിന്നുംതാൽക്കാലികമായി കുറച്ചു നാൾ വിട്ടുനിൽക്കുന്നു..

സമൂഹ മാധ്യമ വേദികളിൽ ഇന്നലെകളിൽ എനിക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്ന ആയിരക്കണക്കായ സ്നേഹ മനസ്സുകളോട് ഞാൻ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു..ക്രിയാത്മകമായ വിമർശനങ്ങളുമായ് ആത്മാർത്ഥത കാട്ടി വരോടും എൻറെ കടപ്പാടും അറിയിക്കുന്നു..

advertisement

വിവാദമായ ഫേസ്ബുക്ക് പോസ്റ്റ്

നമ്മുടെ പാർക്ക് ജംഗ്ഷൻ പാലം നിർമ്മാണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പോസ്റ്റ് ഷിഫ്റ്റിംഗുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ എന്റെ ശ്രദ്ധയിൽ തന്നിരുന്നു.അത് പരിഹരിച്ചിട്ടുണ്ട്. ഓരോ വികസനം ചെയ്യുമ്പോഴും ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളുടെ മുഖമാണ് എനിക്ക് സംതൃപ്തി നൽകുന്നത്. എന്നെ കൊണ്ട് സാധ്യമായതൊക്കെ ഇനിയും കായംകുളത്തിനായ് ചെയ്യും. തെരഞ്ഞെടുപ്പു കാലത്ത് കായംകുളത്തെ ചിലർക്കെങ്കിലും ഞാൻ അപ്രിയയായ സ്ഥാനാർത്ഥിയായിരുന്നു....എന്നാൽ താഴെത്തട്ടിലുള്ള സാധാരണ സഖാക്കളും ജനങ്ങളും കൂടെ നിന്നു. അഭിമാനകരമായി നമ്മൾക്ക് ജയിക്കാൻ കഴിഞ്ഞു..

advertisement

Also Read- U Prathibha | 'കായംകുളത്തെ വോട്ട് ചോര്‍ച്ച ചര്‍ച്ചയായില്ല; കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വ്വസമ്മതരായ്'; യു പ്രതിഭ

ബോധപൂർവമായി തന്നെ എന്നെ തോൽപ്പിക്കാൻ മുന്നിൽ നിന്ന് നയിച്ച പ്രാദേശിക മാധ്യമ പ്രവർത്തകൻ പാർട്ടി ഏരിയ കമ്മിറ്റി തീരുമാനപ്രകാരം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയിൽ വന്നതും ദുരൂഹമാണ്.. ഏതെങ്കിലും നേതാക്കന്മാരാണ് ഈ പാർട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല.. അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ പോലും കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല... ഏറ്റവും കൂടുതൽ വോട്ട്ചോർന്നുപോയത് കായംകുളത്തു നിന്നാണ്.. കേരള നിയമസഭയിൽ കായംകുളത്തെ ആണ് അഭിമാനപൂർവം പ്രതിനിധീകരിക്കുന്നത്.. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവ്വസമ്മതരായ് നടക്കുന്നു. ഹാ കഷ്ടം എന്നല്ലതെ എന്ത് പറയാൻ. 2001ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ്ണ മെമ്പറായിപ്രവർത്തനം ആരംഭിച്ച എനിക്ക്. ഇന്നും എന്നും എന്റെ പാർട്ടിയോട് ഇഷ്ടം.. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ നിങ്ങൾ ചവറ്റുകുട്ടയിൽ ആകുന്ന കാലം വിദൂരമല്ല.. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല..

ഫേസ്ബുക്ക് പോസ്റ്റില്‍ കടുത്ത അതൃപ്തിയുമായി സിപിഎം നേതൃത്വം രം​ഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് എംഎല്‍എയുടെ വിശദീകരണം വാങ്ങി ഉടനടി പ്രശ്നത്തില്‍ തീരുമാനമെടുക്കണമെന്ന് ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കിൽ എംഎൽഎക്കെതിരെ നടപടി ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.

പ്രതിഭയുടെ ആരോപണം വസ്തുതാവിരുദ്ധവും സംഘടനാവിരുദ്ധവുമാണെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസ്സര്‍ പറഞ്ഞു. പ്രതിഭയെ തോല്‍പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം മുമ്പ് ഒരിടത്തും ഉന്നയിച്ചിട്ടില്ല. പരാതി പറയേണ്ടത് പാര്‍ട്ടി വേദിയിലാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം തേടുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. ഏരിയ കമ്മിറ്റിക്ക് പിന്നാലെ ജില്ലാ നേതൃത്വവും ആരോപണങ്ങള്‍ തള്ളിയതോടെ യു പ്രതിഭ എംഎൽഎക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

പാർട്ടി ഫോറത്തിൽ പറയാതെ നവമാധ്യമങ്ങളിൽ ആരോപണങ്ങൾ ഉന്നയിച്ചത് ഗൗരവതരമെന്നാണ് സിപിഎം വിലയിരുത്തൽ. തന്നെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും, മണ്ഡലത്തിൽ വോട്ടുചോർച്ച ഉണ്ടായെങ്കിലും പാർട്ടി പരിശോധിച്ചില്ല തുടങ്ങിയ ആരോപണങ്ങൾ ആയിരുന്നു ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഭ ആരോപിച്ചത്. എന്നാൽ ഇത്തരം പരാതികൾ ഒരു പാർട്ടി വേദിയിലും എംഎൽഎ ഉന്നയിച്ചിരുന്നില്ല. ഇതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
U Prathibha| വിവാദ ഫേസ്ബുക്ക് പോസ്റ്റ്; ഖേദം പ്രകടിപ്പിച്ച് യു പ്രതിഭ എംഎൽഎ; സമൂഹ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കും
Open in App
Home
Video
Impact Shorts
Web Stories