തങ്ങള്‍ക്ക് ബാലികേറാമലയായി മാറിയ പൊന്നാനി, തവനൂര്‍ മണ്ഡലങ്ങള്‍ അതിശക്തമായ പോരാട്ടത്തിലൂടെ തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ്. കോണ്‍ഗ്രസ് മത്സരിച്ചു വരുന്ന രണ്ടു മണ്ഡലങ്ങളിലും ഇക്കുറി അതിശക്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഉന്നത സ്ഥാനങ്ങള്‍ വഹിക്കുന്ന നേതാക്കളെ തന്നെ മണ്ഡലത്തില്‍ ഇറക്കിയാണ് കോണ്‍ഗ്രസിന്റെ നീക്കം. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്ന തരത്തില്‍ പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും തന്നെ മത്സര രംഗത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
advertisement
പൊന്നാനി മണ്ഡലത്തില്‍, മൂന്ന് പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കേുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ പി നൗഷാദലിയാണ് ഒന്ന്. ഡിസിസി ജനറല്‍ സെക്രട്ടറി സിദ്ധീഖ് പന്താവൂര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് പാറയില്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പ്രധാനമായും ഈ മൂന്ന് നേതാക്കളാണ് മണ്ഡലത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ ചുക്കാന്‍ പിടിക്കുന്നത്. സംഘടനാ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ നീക്കങ്ങളിലുമുള്ള ഇവരുടെ സജീവ ഇടപെടല്‍ പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസിന് പുതിയ ആത്മവിശ്വാസവും നല്‍കുന്നുണ്ട്. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തുള്ള ഇടപെടലുകളും അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളുമാണ് ഇവരെ വേറിട്ടു നിര്‍ത്തുന്നത്.
തവനൂരില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി ടി അജയ് മോഹന്‍, കെപിസിസി മെമ്പര്‍ എ എം രോഹിത്, ഡിസിസി ജനറല്‍ സെക്രട്ടറി ഇ പി രാജീവ് എന്നിവരില്‍ ആരെങ്കിലും എത്തിയേക്കുമെന്നാണ് സൂചന. ജില്ലാസംസ്ഥാന തലങ്ങളിലെ അനുഭവസമ്പത്തും സംഘടനാ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തി മുന്നണി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയാണ് മൂവര്‍ സംഘം. പ്രാദേശിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും പൊതുജനങ്ങളുമായി നേരിട്ട് ഇടപെട്ടും മുന്നണി പ്രവര്‍ത്തനം സജീവമാക്കുന്നതിലാണ് നേതൃത്വം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പൊന്നാനിയിലും തവനൂരിലും ഒരുപോലെ ശക്തമായ നേതൃനിര രൂപപ്പെടുന്നത് വരാനിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും വലിയ കരുത്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. സംഘടനാ അടിത്തറ ശക്തിപ്പെടുത്തി ജനവിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് ഈ നേതൃസംഘം മുന്നോട്ട് വയ്ക്കുന്നത്.
Summary: The UDF is gearing up for a fierce battle to reclaim the Ponnani and Tavanur constituencies, which have remained elusive strongholds for the front in recent years. In both seats where the Congress contests, the party is considering fielding high-profile candidates to ensure a decisive victory.
