മലപ്പുറത്ത് സ്‌കൂൾ ബസ് ഫീസ് അടയ്ക്കാന്‍ വൈകിയതിന് യുകെജി വിദ്യാര്‍ഥിയെ സ്കൂൾ അധികൃതർ വഴിയിലിറക്കിവിട്ടെന്ന് പരാതി. ചേലമ്പ്ര എഎല്‍പി സ്‌കൂളിലെ യുകെജി വിദ്യാര്‍ഥിയായ അഞ്ചു വയസുകാരനെയാണ് വഴിയിലിറക്കിവിട്ടതായി പരാതി ഉയർന്നത്. ഫീസ് അടയ്ക്കാത്തതിനാല്‍ ബസില്‍ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചതനെത്തുടർന്ന് സ്‌കൂളിലേക്കായി ഇറങ്ങിയ കുട്ടിയെ രക്ഷിതാക്കളെപ്പോലുമറിയിക്കാതെ വഴിയിലുപേക്ഷിച്ച് ബസ് പോയെന്നാണ് ആരോപണം.
advertisement
ഫീസ് അടയ്ക്കാത്തതിനാൽ കുട്ടിയെ ബസിൽ കയറ്റണ്ടെന്ന് സ്‌കൂള്‍ ബസ് ഡ്രൈവറോട് പ്രധാനാധ്യാപിക നിർദേശിച്ചിരുന്നു. മറ്റ് കുട്ടികൾ ബസിൽ കയറി പോയതോടെ കരഞ്ഞുകൊണ്ട് വീട്ടിലേക്ക് മടങ്ങുന്ന കുട്ടിയെ കണ്ട അയൽ വാസികളാണ് കുട്ടിയെ വീട്ടിലെത്തിച്ചത്. പിന്നീട് സ്‌കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും വീട്ടിലെത്തി കുടുംബത്തോട് ക്ഷമ ചോദിച്ചിരുന്നു.
ആയിരം രൂപ ഫീസ് അടയ്ക്കാന്‍ വൈകിയതിനാണ് പ്രധാനാധ്യാപികയുടെ നടപടി. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പോലീസിലും കുടുംബം പരാതി നല്‍കി.