രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ്യതയും തുല്യ പങ്കാളിത്തവും അനിവാര്യമായിരിക്കെ, ചില ന്യൂനപക്ഷ വിഭാഗങ്ങളുടെ മനസ്സില്‍ ഭീതിയും ആശങ്കയും പരത്തി ധ്രുവീകരണം ലക്ഷ്യമിട്ടുള്ള നടപടിയായി ഏക സിവില്‍ കോഡ് മാറരുത്. ഈ അഭിപ്രായം മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. മതനിരപേക്ഷതയുടെ കാര്യത്തില്‍ രാജ്യത്തിനാകെ മാതൃകാ സംസ്ഥാനമായ കേരളത്തിന്‍റെ വിവിധ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്‍റ് അംഗങ്ങള്‍ ഏകകണ്ഠമായ അഭിപ്രായം ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
advertisement
കേരളത്തിന്‍റെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്പാ പരിധി വെട്ടിച്ചുരുക്കിലില്‍ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണം. അതിനായി എംപിമാര്‍ ശബ്ദമുയര്‍ത്തണം. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നത് സംബന്ധിച്ച് അനുകൂലമായ തീരുമാനങ്ങള്‍ ഇതുവരെ ജിഎസ്ടി കൗണ്‍സില്‍ സ്വീകരിച്ചിട്ടില്ല. ഇക്കാര്യങ്ങളില്‍ സംസ്ഥാനത്തിനുള്ള വിഹിതം കിട്ടാന്‍ ഒരുമിച്ച് നില്‍ക്കുമെന്ന് എംപിമാര്‍ പറഞ്ഞു.
സംസ്ഥാന വിഷയങ്ങളില്‍ കേന്ദ്രം നടത്തുന്ന നിയമനിര്‍മ്മാണ നടപടികളെ പാര്‍ലമെന്‍റില്‍ ശക്തമായി എതിര്‍ക്കണം. 2023 ആഗസ്ത് 15 മുതല്‍ സെപ്തബര്‍ 15 വരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനക്കൂലിയില്‍ അമിതമായ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഇത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ഈ വിഷയം കേന്ദ്രവ്യോമയാന മന്ത്രിക്ക് അയച്ച കത്തില്‍ എടുത്ത് പറഞ്ഞിട്ടുണ്ട്.
യാത്ര സുഗമമാക്കാന്‍ ചട്ടങ്ങള്‍ക്ക് അനുസൃതമായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഓപ്പറേറ്റ് ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ആവശ്യത്തിൻമേൽ അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യോഗത്തില്‍ മന്ത്രിമാര്‍, എംപിമാര്‍, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.