കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ഇതേത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിനെ ശകാരിച്ചു. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്നും, അക്രമികളെ പിടികൂടിയില്ലെന്നും രോഷത്തോടെ ഗവർണർ പൊലീസിനോട് ചോദിച്ചു.
advertisement
കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ അറിയിച്ചു. തുടർന്ന് വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ ഗവർണർ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചു.റോഡരികിലിരുന്നുള്ള പ്രതിഷേധത്തിനിടെ തന്നെ കേന്ദ്ര അഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിലും വിവരം ധരിപ്പിച്ചു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്ര ഇടപെടൽ.
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ റജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് രാജ്ഭവൻ കൈമാറി. സംഭവവികാസങ്ങളെക്കുറിച്ച് കേന്ദ്രത്തിനു റിപ്പോർട്ടു നൽകുമെന്നും ഗവർണർ അറിയിച്ചു. ഇതിന്റെ തുടർനടപടികൾ എന്താകുമെന്നതിൽ ആകാംക്ഷയുണ്ട്. സംസ്ഥാന സർക്കാർ– ഗവർണർ പോരിലേക്ക് കേന്ദ്രം ഇടപെടുന്നതിന്റെ സൂചനയാകും ഇതെന്നും വിലയിരുത്തലുണ്ട്.
സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തെന്ന് റൂറൽ എസ്.പി ഗവർണറെ അറിയിച്ചു. എന്നാൽ 50 പേരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ എസ്.പിക്ക് മറുപടി നൽകി.
എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത പൊലീസിന്‍റെ എഫ്ഐആർ കോപ്പി ലഭിച്ചതോടെ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.