വെള്ളിയാഴ്ച രാത്രി ടെൽ അവീവിലെ ബെൻ ഗുറിയോൺ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ ആയിരിക്കും സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ എത്തിക്കുക. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കുമാർ സിഗ്ലയുമായി ചർച്ച നടത്തിയാണ് ആവശ്യമായ നടപടികൾ സ്വീകരിച്ചത്.
The mortal remains of Ms Soumya Santhosh, who was killed in rocket attacks from Gaza, are being repatriated today from Israel to Kerala through Delhi. They will reach her native place tomorrow.
advertisement
ഇസ്രയേലിലെ പ്രാദേശിക ഭരണസംവിധാനവുമായി ഇന്ത്യൻ എംബസി ബന്ധപ്പെട്ടു കഴിഞ്ഞതായി സ്ഥാനപതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ എട്ടോളം വർഷമായി ഇസ്രയേലിൽ ജോലി ചെയ്യുന്ന സൗമ്യ അഷ്കലോണിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. ഭർത്താവുമായി സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ സൗമ്യയും സൗമ്യ ശുശ്രൂഷിക്കുന്ന സ്ത്രീയും കൊല്ലപ്പെടുകയായിരുന്നു. സൗമ്യയുടെ മൃതദേഹം തുടർന്ന് ടെൽ അവിവിലെ ഫോറൻസിക് ലാബിലേക്ക് മാറ്റിയിരുന്നു. ഇസ്രയേലിലെ ഇന്ത്യൻ എംബസി സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇസ്രയേലിൽ കെയർ ടേക്കർ ആയി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ.
കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെമ്പർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ് കൊല്ലപ്പെട്ട സൗമ്യ. എട്ടുവയസുള്ള മകനുണ്ട്. രണ്ടു വർഷം മുമ്പായിരുന്നു സൗമ്യ ഏറ്റവുമൊടുവിൽ നാട്ടിൽ വന്നു മടങ്ങിയത്.
ഇസ്രയേലിലെ ഇന്ത്യക്കാർ സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്ന് ഇന്ത്യൻ എംബസി നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യയാത്രകൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മലയാളം ഉൾപ്പെടെ നാലു ഭാഷകളിലാണ് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.