രാഷ്ട്രീയ നേതാവ് എന്നതിലുപരി, ഒരു അടുത്ത സുഹൃത്ത് എന്ന നിലയിലാണ് അണ്ണാമലൈയെ ഉണ്ണി കാണുന്നത്. സാധാരണ ഒരു കൂടിക്കാഴ്ച എന്നതിലപ്പുറം, ദീർഘവും ഹൃദയസ്പർശിയുമായ സംഭാഷണമായിരുന്നു അതെന്ന് ഉണ്ണി പറയുന്നു. ജീവിതം, രാഷ്ട്രീയം, കായികം, സിനിമ, വ്യക്തിപരമായ തീരുമാനങ്ങൾ, വിഷയങ്ങൾ ഒരു അജണ്ടയുമില്ലാതെ സ്വാഭാവികമായി ഒഴുകി. കഥകളും ഓർമ്മകളും പങ്കുവെച്ച ആ സമയം, വെല്ലുവിളികളും സമ്മർദ്ദങ്ങളും നിറഞ്ഞ ഒരു ജീവിതം നയിച്ചിട്ടും എത്രത്തോളം ലളിതമായി നിലകൊള്ളാൻ കഴിയുമെന്ന് അണ്ണാമലൈ വീണ്ടും തെളിയിച്ചു. ഒരു പോലീസ് ഓഫീസറായി ഉറപ്പിന്റെയും സുരക്ഷയുടെയും യൂണിഫോം അണിഞ്ഞ ജീവിതത്തിൽ നിന്ന്, അനിശ്ചിതത്വങ്ങളും വിമർശനങ്ങളും നിറഞ്ഞ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടക്കാൻ എടുത്ത അണ്ണാമലൈയുടെ തീരുമാനം ഉണ്ണി മുകുന്ദനെ എപ്പോഴും ആകർഷിച്ച ഒന്നാണ്. അത് വെറും കരിയർ മാറ്റമല്ല, വിശ്വാസവും ഉത്തരവാദിത്വവും മുൻനിർത്തിയ ഒരു ജീവിത തീരുമാനമാണെന്ന നിലയിലാണ് ഉണ്ണി ആ യാത്രയെ കാണുന്നത്.
advertisement
അധികാരത്തിന്റെ ഭാഷയല്ല, മനുഷ്യന്റെ ഭാഷയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞിരുന്നത്. അതോടൊപ്പം, കലയും സിനിമയും സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും, യുവതലമുറയ്ക്ക് നൽകേണ്ട മൂല്യങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു.
വ്യത്യസ്ത മേഖലകളിൽ നിന്നുള്ള രണ്ട് വ്യക്തികളുടെ സംഭാഷണം എന്നതിനപ്പുറം അത് ഒരു സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു. കലയും നേതൃത്വവും, വ്യക്തിപരമായ തീരുമാനങ്ങളും പൊതുസേവനവും തമ്മിലുള്ള അദൃശ്യബന്ധം ആ സംഭാഷണത്തിലൂടെ കൂടുതൽ വ്യക്തമായി.
അണ്ണാമലൈയുടെ ആത്മകഥയായ 'സ്റ്റെപ്പിംഗ് ബീയോണ്ട് കാക്കി” (ബീയോണ്ട് കാക്കി) ഉണ്ണിയെ ആഴത്തിൽ സ്വാധീനിച്ചത്രേ. ഒരു വായനക്കാരനെന്ന നിലയിൽ മാത്രമല്ല, സൗകര്യങ്ങളെക്കാൾ വിശ്വാസത്തെ തിരഞ്ഞെടുക്കുന്ന യാത്രകളിൽ വിശ്വസിക്കുന്ന ഒരാളെന്ന നിലയിലും ആ പുസ്തകം ഉണ്ണിക്ക് പ്രിയങ്കരമായി.
ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹം അനുഭവിച്ച ജീവിതവും, പൊതുസേവനത്തിനായി മറ്റൊരു വഴിയിലേക്ക് കടന്ന തീരുമാനവും പുസ്തകം അവതരിപ്പിക്കുന്നു. പോലീസ് സേവനകാലത്തെ വെല്ലുവിളികൾ, അധികാരത്തിനൊപ്പം വരുന്ന ഉത്തരവാദിത്തങ്ങൾ, നൈതികതയുടെ പ്രാധാന്യം, വ്യക്തിപരമായ മൂല്യങ്ങൾ എന്നിവയെ പുസ്തകത്തിൽ വിശദീകരിക്കുന്നു. കരിയറിലെ സൗകര്യങ്ങളെക്കാൾ വിശ്വാസത്തെയും ധൈര്യത്തെയും മുൻനിർത്തിയ ജീവിതതീരുമാനങ്ങൾ എങ്ങനെ ഒരാളെ അർത്ഥവത്തായ വഴിയിലേക്ക് നയിക്കുമെന്ന് 'സ്റ്റെപ്പിംഗ് ബീയോണ്ട് കാക്കി' വ്യക്തമാക്കുന്നു.
അധികാരം ഒരു ലക്ഷ്യമല്ല, മറിച്ച് ജനസേവനത്തിനുള്ള ഒരു ഉപാധിയാണെന്ന സന്ദേശമാണ് അദ്ദേഹം നമുക്ക് നൽകുന്നത്. പൊതുസേവനത്തിലും നേതൃത്വത്തിലും താൽപര്യമുള്ളവർക്കും, സ്വന്തം ജീവിതദിശയെക്കുറിച്ച് ചിന്തിക്കുന്നവർക്കും ഈ പുസ്തകം ഒരു പ്രചോദനമായാണ് നിലകൊള്ളുന്നത്.
പോലീസ് സേവനാനുഭവങ്ങൾ, രാഷ്ട്രീയത്തിലെ വെല്ലുവിളികൾ, ജനങ്ങളോടുള്ള ഉത്തരവാദിത്തം, കലയും സമൂഹവും തമ്മിലുള്ള ബന്ധം എന്നിവയും സംഭാഷണത്തിൽ ഇടം പിടിച്ചു.
ഇരുവരുടെയും കൂടിക്കാഴ്ചയുടെ വിവരങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. തൃശൂരിൽ ഉണ്ണി മുകുന്ദൻ മത്സരിക്കുമെന്ന വാർത്തകൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ, ഇത്തരമൊരു കൂടിക്കാഴ്ച ഉണ്ണിയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കമാണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നുകേൾക്കുന്നത്.
അതേസമയം, സിനിമാ രംഗത്തും ഉണ്ണി മുകുന്ദൻ ഏറെ സജീവമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നടനെന്നതിലുപരി, ആദ്യമായി സംവിധായകനായി ഉണ്ണി എത്തുന്ന ഒരു സൂപ്പർഹീറോ ടൈപ്പ് സിനിമയും തയ്യാറെടുക്കുകയാണ്. മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ഈ ചിത്രം വലിയ സ്കെയിലിൽ ഒരുങ്ങുന്ന ഒരു പ്രോജക്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് 2026-ൽ ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.
ഇതിന് പുറമേ, സംവിധായകൻ ജോഷിയും ഉണ്ണി മുകുന്ദനും ഒരുമിക്കുന്ന ഹൈ-ഓക്‌ടെയിൻ ആക്ഷൻ എന്റർടൈൻമെന്റും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ഈ ചിത്രത്തിൽ ഉണ്ണി ഇതുവരെ കാണാത്ത ഒരു പുതിയ ആക്ഷൻ അവതാരത്തിലാണ് എത്തുന്നതെന്നാണ് സൂചന.
കൂടാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ബയോപിക് ചിത്രത്തിൽ ഉണ്ണി മുകുന്ദൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ഈ ചിത്രം ദേശീയ തലത്തിൽ വലിയ ശ്രദ്ധ നേടുന്ന ഒരു പ്രോജക്ടായിരിക്കും.
