സംസ്ഥാനത്ത് ആദ്യമായി ബി ജെ പിക്ക് എംഎല്‍എയെ ലഭിച്ച നേമം മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും. ആര്‍ എസ് എസ് നിര്‍ദേശപ്രകാരം മണ്ഡലത്തില്‍ വീട് വാടകയ്‌ക്കെടുത്ത് കുമ്മനം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിലവിലെ എം എല്‍ എ ഒ രാജഗോപാലിനോട് കുമ്മനത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ എതിര്‍പ്പുണ്ടാകില്ലെന്നാണ് വിവരം.
advertisement
Also Read- 'കേരളത്തിന്റെ വികസനത്തിനായി നരേന്ദ്രമോദി സാധ്യമായതെല്ലാം ചെയ്യുന്നു' അമിത് ഷായുടെ ട്വീറ്റ്
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളെ അപേക്ഷിച്ച് ബി ജെ പിക്ക് മികച്ച പ്രകടനം നേമത്ത് കാഴ്ചവയ്ക്കാനായി. മണ്ഡലം അടിസ്ഥാനപരമായി ബി ജെ പിക്ക് അനുകൂലമായി മാറിയെന്നും നേതാക്കള്‍ വിലയിരുത്തുന്നു.
തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ സിനിമാ താരവും എം പിയുമായ സുരേഷ് ഗോപിയെയാണ് ആദ്യം പരിഗണിച്ചത്. എന്നാല്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം നേതൃത്വത്തോട് വ്യക്തമാക്കിയെന്നാണ് സൂചന. മുതിര്‍ന്ന നേതാവ് എം എസ് കുമാറിനെ സമീപിച്ചെങ്കിലും അനാരോഗ്യം വ്യക്തമാക്കി അദ്ദേഹവും പിന്മാറിയതായി അറിയുന്നു. അങ്ങനെയെങ്കില്‍ ഒരു പൊതുസമ്മതനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം.
Also Read- എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനക്കണക്കുമായി രാജ്യം; ആശങ്കയായി കേരളം
വട്ടിയൂര്‍ക്കാവില്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് സ്ഥാനാര്‍ത്ഥിയാകും. മുന്‍ ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കോവളത്തും മത്സരിക്കും. പാറശാലയില്‍ കരമന ജയനും കാട്ടാക്കടയില്‍ ദേശീയ നിര്‍വാഹക സമിതിയംഗം പി കെ കൃഷ്ണദാസും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ വര്‍ക്കലയില്‍ മത്സരിപ്പിക്കണമെന്ന അഭിപ്രായം ഉയര്‍ന്നെങ്കിലും നേതാക്കള്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന നിലപാടാണ് ശോഭയും നേതാക്കളോട് വ്യക്തമാക്കിയത്.
നെയ്യാറ്റിന്‍കരയില്‍ കേരള കാമരാജ് കോണ്‍ഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചു കഴിഞ്ഞു. നെയ്യാറ്റിന്‍കരയെ കൂടാതെ കോവളവും ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. സംസ്ഥാനത്തൊട്ടാകെ 10 സീറ്റുകളാണ് കേരള കാമരാജ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. ആറ്റിങ്ങലില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറാണ് സ്ഥാനാര്‍ത്ഥി. അരുവിക്കരയില്‍ സി ശിവന്‍കുട്ടിയും നെടുമങ്ങാട് ജെ ആര്‍ പത്മകുമാറും മത്സരിക്കും.