മരിക്കാൻ തീരുമാനിച്ച ഒരാൾ, അതിനു ശ്രമിക്കാതെ വലിയ തുകയുമായി സംസ്ഥാനം വിട്ടത് എന്തിനെന്ന ചോദ്യത്തിന് മറുപടി തേടുകയാണ് പൊലീസ്. ഈ തുക എവിടെപ്പോയെന്നു ചോദിച്ചപ്പോൾ കുറെ പോക്കറ്റടിച്ചു പോയെന്നായിരുന്നു മറുപടി. ഓരോ തവണ ചോദ്യം ചെയ്യുമ്പോഴും പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്ന ഇയാൾ പോലീസിനെ വട്ടം കറക്കുകയാണ്. പറയുന്ന കാര്യങ്ങൾ പിന്നീടുള്ള ചോദ്യം ചെയ്യലിൽ മാറ്റി പറയുകയാണ് പതിവ്. എന്നാൽ ഇയാൾ മാറ്റി പറയാത്ത ഒരേ ഒരു കാര്യം തൻറെ മകളുടെ കൊലപാതകം, അത് ചെയ്തത് താൻ തന്നെയാണ് എന്നതാണ്.
advertisement
താൻ ഒളിച്ചോടിയത് അല്ല എന്നാണ് സനു മോഹന്റെ വാദം. മരിക്കാൻ തന്നെ തീരുമാനിച്ച് ഇറങ്ങിയതാണ്. അതിനു വേണ്ടി ശ്രമിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞില്ല. ഒളിച്ചോടാൻ തനിക്ക് ആകുമായിരുന്നില്ല എന്നും ഇയാൾ പറയുന്നു. എന്നാൽ സനു മോഹനന്റെ യാത്രാ വിവരങ്ങൾ ശേഖരിച്ച പോലീസ് വ്യക്തമാക്കുന്നത് കടന്നുകളയാൻ ഇയാൾ ശ്രമിച്ചിരുന്നു എന്ന് തന്നെയാണ്. ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം നടന്നില്ല. കാർ വിറ്റും അല്ലാതെയും ഇയാൾ ശേഖരിച്ച പണം എവിടെപ്പോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
You may also like:‘വൈഗയെ ഞെരിച്ചുകൊന്നു'; കുറ്റസമ്മതം നടത്തി സനു മോഹൻ; മൊഴികളിൽ വൈരുധ്യമെന്ന് പൊലീസ്
സനുമോഹന്റെ പണമിടപാട് സംബന്ധിച്ച ദുരൂഹത നീക്കാനും ഇതുവരെ കഴിഞ്ഞിട്ടില്ല. സനുമോഹന്റെ കുടുംബത്തെ കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. മകളുമായി സനുമോഹൻ രാത്രിയിൽ പോകുമ്പോൾ എന്തുകൊണ്ട് ഭാര്യയും കുംടംബാംഗങ്ങളും തടഞ്ഞില്ല എന്നതാണ് മറ്റൊരു സംശയം. കുടുംബാംഗങ്ങൾ പോലും അറിയാത്തവിധത്തിൽ കൊച്ചിയിൽ രഹസ്യമായി താമസിച്ചത് എന്തുകൊണ്ട്? വൈഗ മരിച്ച രാത്രിയിൽ സനു മോഹനനെ അന്വേഷിച്ച് രണ്ടുപേർ ഫ്ളാറ്റിൽ വന്നതിൽ ദുരൂഹതയുണ്ടോ? എന്നിങ്ങനെ നിരവധി സംശയങ്ങൾ ബാക്കിയുണ്ട്. ആലപ്പുഴയിൽ സ്വന്തം തറവാട് വീടുള്ളപ്പോൾ കൊച്ചിയിൽ ഫ്ളാറ്റ് എടുത്ത് താമസിച്ചതും സംശയകരമാണ്. ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
You may also like:COVID 19| ഡൽഹിയിൽ ഇന്ന് രാത്രി മുതൽ ഒരാഴ്ച്ച സമ്പൂർണ ലോക്ക്ഡൗൺ
സനു മോഹൻ ഫ്ലാറ്റിലെ മറ്റ് താമസക്കാരിൽ നിന്ന് കടം വാങ്ങിയതായി വിവരമുണ്ട്. എന്നാൽ ഇത് ചെറിയ തുകകൾ മാത്രമായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇവരാരും പരാതിയുമായി രംഗത്ത് വന്നിട്ടുമില്ല. ഫ്ലാറ്റിലെ ഭാരവാഹികളിൽ ഒരാളായിരുന്നു സനു മോഹൻ. ഫ്ലാറ്റിലെ സിസിടിവി ഇടിമിന്നലിൽ നശിച്ചുപോയത് തന്നെയാണെന്ന് പൊലീസ് പറയുന്നു. നേരത്തെ സിസിടിവികൾ അനുമോഹൻ ഇടപെട്ട് ഓഫ് ആക്കിയത് ആണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
സനു മോഹന്റെ മൊഴികൾ പൂർണ്ണമായും മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. ഇയാളുടെ പണമിടപാട് സംബന്ധിച്ച് കൊച്ചി ഡിസിപി യുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിൽ അന്വേഷണം നടത്തിവരികയാണ്. സമാന്തരമായി കോയമ്പത്തൂരും കർണാടകയിലും പൊലീസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെ കൂടി റിപ്പോർട്ട് കിട്ടിയാൽ മാത്രമാണ് പൂർണ വിവരങ്ങൾ പുറത്തു വരിക.