കോട്ടയം വൈക്കം ടിവി പുരം ദേവീകൃപയിൽ പൊന്നമ്മ(60) നിര്യാതയായി.വിമുക്തഭടനായ അശോകന്റെ ഭാര്യയാണ്. ദമ്പതികളുടെ ഏകമകൾ ഇസ്ലാം മതം സ്വീകരിച്ചതു സംബന്ധിച്ച നിയമപോരാട്ടങ്ങളിലൂടെയാണ് ഇവർ ലോകശ്രദ്ധയിൽ വന്നത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം.കുറച്ചു കാലമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.
ടി വി പുരത്തെ വീട്ടുവളപ്പിൽ വെള്ളിയാഴ്ച നടന്ന സംസ്ക്കാര ചടങ്ങുകളിൽ മകൾ ഹാദിയ പങ്കെടുത്തില്ല. ഇവർ വ്യാഴാഴ്ച വീട്ടിൽ എത്തുമെന്ന് സൂചനയുണ്ടായിരുന്നു എങ്കിലും അവസാന നിമിഷം വരവ് റദ്ദാക്കി.
advertisement
മകൾ അഖില അശോകൻ 2016 ൽ സേലത്ത് ഹോമിയോപതി പഠിക്കാൻ പോയപ്പോൾ ഇസ്ലാം മതം സ്വീകരിച്ച സംഭവത്തെത്തുടർന്ന് നടന്ന നിയമപോരാട്ടങ്ങൾ സുപ്രീംകോടതി വരെ നീണ്ടു.
അഖില ഹാദിയയായി മാറി കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാൻ എന്ന യുവാവുമായി നടന്ന വിവാഹവും ബന്ധപ്പെട്ട കേസും വൻ വിവാദമായിരുന്നു.25 കാരിയായ മകൾ സ്വതന്ത്ര ഇച്ഛാശക്തിയിൽ പ്രവർത്തിക്കുന്നതല്ലെന്നും ആരുടേയെോ പ്രേരണയാൽ മതം മാറിയതാണെന്നുമായിരുന്നു അശോകനും പൊന്നമ്മയും കോടതിയിൽ ബോധിപ്പിച്ചത്.
2016 ഡിസംബർ 21 ന് അഖില കോടതിയിൽ ഹാജരാവുകയും ഡിസംബർ 19 ന് ഇസ്ലാം മത നിയമപ്രകാരം ഷഫിൻ ജഹാനെ വിവാഹം കഴിച്ചതായി കോടതിയെ അറിയിക്കുകയും ചെയ്തു. വിവാഹത്തിന്റെ കാര്യം നേരത്തേ കോടതിയെ ബോധ്യപ്പെടുത്താതെയിരുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഡിസംബർ 19 ന് കോടതിയിൽ കേസിന്റെ വിചാരണ നടന്ന അതേ ദിവസം തന്നെയാണ് വിവാഹം നടന്നിരിക്കുന്നതെന്നു കോടതിക്കു ബോധ്യപ്പെട്ടു.
കേരള ഹൈക്കോടതി 2017 മെയ് മാസം 24 ന് അഖിലയ്ക്കു തന്റെ ഇഷ്ടപ്രകാരമുള്ള ജീവിതം നയിക്കാൻ അനുവദിക്കുകയും എന്നാൽ അവരുടെ വിവാഹം ഒരു തട്ടിപ്പാണെന്ന് അഭിപ്രയപ്പെടുകയും ചെയ്തു.ഒരു വിവാഹ ചടങ്ങിലൂടെ കടന്നു പോകാനുള്ള വേഷം മാത്രം ചെയ്യാൻ നിയോഗിക്കപ്പെട്ട ഒരു പിണിയാൾ മാത്രമാണ് ജഹാനെന്ന് പറഞ്ഞ കോടതി വിവാഹം റദ്ദാക്കുകയും അഖിലയെ മാതാപിതാക്കൾക്കൊപ്പം പോകാൻ നിർദേശിക്കുകയും ചെയ്തു.
വിവാഹം റദ്ദു ചെയ്ത ഹൈക്കോടതി വിധിക്കെതിരെ രണ്ടു മാസത്തിനു ശേഷം ഷെഫിൻ സുപ്രീം കോടതിയെ സമീപിച്ചു. കപിൽ സിബൽ, ഇന്ദിരാ ജെയ്സിങ് എന്നിവർ ഷെഫിൻ ജഹാനുവേണ്ടി സുപ്രീംകോടതിയിൽ വാദിച്ചു.
സുപ്രീം കോടതി 2018 മാർച്ച് 8 ന് പുറപ്പെടുവിച്ച ഇടക്കാലവിധിയിൽ ഹൈക്കോടതി വിധി റദ്ദാക്കി ഹാദിയ-ഷഫിൻ വിവാഹം നിയമപരമാണെന്നും മറ്റ് ആരോപണങ്ങൾ അന്വേഷിക്കാമെന്നും വ്യക്തമാക്കി.
എന്നാൽ അഞ്ച് വർഷത്തിന് ശേഷം പിതാവ് അശോകൻ വീണ്ടും കൊടുത്ത ഹേബിയസ് കോർപസ് 2023 ൽ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇതു പ്രകാരം ഷെഫിന് ജഹാനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ചെന്നും സ്വന്തം ഇഷ്ടപ്രകാരം ഹാദിയ പുനര്‍ വിവാഹിതയായി തിരുവനന്തപുരത്ത് താമസിക്കുകയാണെന്നും പൊലീസ് അറിയിച്ചു. താന്‍ തടങ്കലില്‍ അല്ലെന്ന ഹാദിയയുടെ മൊഴിയും ഹാജരാക്കിയിരുന്നു.
