റെയിൽവേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാന സർക്കാർ സഹകരിച്ചാൽ മാത്രമേ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ളതുപോലെ വേഗത്തിലുള്ള റെയിൽ ഗതാഗത പുരോഗതി കേരളത്തിലും സാധ്യമാകൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. വന്ദേഭാരത് പോലുള്ള സെമി-ഹൈ സ്പീഡ് ട്രെയിനുകൾക്ക് നിലവിലെ സിംഗിൾ ട്രാക്കുകളും വളവുകളും ഒരു വെല്ലുവിളിയാണ്. അതിനാൽ, പാത ഇരട്ടിപ്പിക്കുകയും സിഗ്നലിങ് സംവിധാനം മെച്ചപ്പെടുത്തുകയും ചെയ്യുന്നത് യാത്രയുടെ വേഗത വർദ്ധിപ്പിക്കുന്നതിനും കൂടുതൽ സർവീസുകൾ അനുവദിക്കുന്നതിനും നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
'വന്ദേഭാരത് എന്ന വിപ്ലവ റെയിൽ ഓപ്പറേഷൻ വന്നപ്പോൾ മറ്റു പല ട്രെയിനുകളും വൈകുന്നുവെന്നും സ്റ്റോപ്പുകളുടെ എണ്ണം കൂടിയെന്നും വേഗം കുറഞ്ഞെന്നുമൊക്കെ യാത്രക്കാർക്ക് പരാതിയുണ്ട്. ഇതൊക്കെ ബാലൻസ് ചെയ്യണമെങ്കിൽ കൂടുതൽ സൗകര്യങ്ങൾ ആവശ്യമാണ്. ഈ വർഷം മാത്രം 3042 കോടിയാണ് കേരളത്തിനുവേണ്ടി മാത്രം നീക്കിവെച്ചത്. പതിനായിരം കോടിയോ അതിൽ കൂടുതലോ തരാൻ റെയിൽവേ തയ്യാറാണ്. ഭൂമി മാത്രമാണ് ആവശ്യം,' സുരേഷ് ഗോപി പറഞ്ഞു.
advertisement
ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ വരുന്ന കാലമാണ്. കേരളത്തിലും ബുള്ളറ്റ് ട്രെയിൻ വരണമെങ്കിൽ സീറോ കർവ് ഭൂമിയാണ് ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേഭാരതിന്റെയും എക്സ്പ്രസ് ട്രെയിനുകളുടേയും വേഗം ഇനിയും വർധിപ്പിക്കാനാകും. പക്ഷേ, അതിന് ഇവിടുത്തെ വളവുകൾ നിവർത്തേണ്ടതുണ്ട്. സീറോ കർവ്, അല്ലെങ്കിൽ ചുരുങ്ങിയത് നോ കർവ്, അല്ലെങ്കിൽ ഡീപ് കർവ് റെയിൽ ലൈൻ വരുന്നതിനുള്ള സ്ഥലം കണ്ടെത്തിത്തരണം എന്ന് സുരേഷ് ഗോപി കൂട്ടിച്ചേർത്തു. റെയിൽവേ സ്റ്റേഷൻ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. കൊച്ചിയുടെ ജീവിത സാഹചര്യവും ഇവിടുത്തെ ആവാസവ്യവസ്ഥിതിയും മെച്ചപ്പെടണമെങ്കിൽ പൊന്നുരുന്നിയിൽ 110-117 ഏക്കറിൽ കേരളത്തിന്റെ ഏറ്റവും വലിയ റെയിൽ ഹബ് വരണം. ചെന്നൈയിലെ എംജിആർ സെൻട്രൽ സ്റ്റേഷന് തുല്യമായ ഒരു റെയിൽവേ സ്റ്റേഷനാണ് താൻ സ്വപ്നം കാണുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
