വാഴൂർ സോമന്റെ അന്ത്യം സർക്കാർ പരിപാടിക്കിടെ
തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കേന്ദ്രത്തില്‍ നടന്ന റവന്യൂ അസംബ്ലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് എംഎല്‍എ കുഴഞ്ഞു വീണത്. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
1974 മുതൽ പൊതുരംഗത്തെത്തിയ വാഴൂർ സോമൻ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസിലെ സിറിയക് തോമസിനെ 1835 വോട്ടിനാണ് വാഴൂർ സോമൻ പരാജയപ്പെടുത്തിയത്.
advertisement
കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് വാഴൂർ സോമന്റെ ജനനം. എഐഎസ്എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. നിലവിൽ എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു. ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്.
'വല്ലായ്മ തോന്നുന്നു എന്നെ ഒന്നു പിടിക്കണം'
യോഗത്തില്‍ ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വാഴൂര്‍ സോമന്‍ സംസാരിച്ചിരുന്നുവെന്നും അതിനു ശേഷം മറ്റ് എംഎല്‍എമാര്‍ക്കൊപ്പം പോകാന്‍ ഒരുങ്ങുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നുവെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. പടി ഇറങ്ങുമ്പോള്‍ വല്ലായ്മ തോന്നുന്നു എന്നെ ഒന്നു പിടിക്കണം എന്ന് അദ്ദേഹം ഒപ്പമുള്ള ആളോടു പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ലൈബ്രറി മുറിയിലെ മേശയില്‍ കിടത്തി. ഉടന്‍ തന്നെ കാറില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി. ഹൃദയാഘാതമാണ് ഉണ്ടായത്. ജില്ലാ ആശുപത്രിയില്‍നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി വഷളായി. ഉച്ചയ്ക്ക് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. കണ്ടപ്പോള്‍ ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും തോന്നിയിരുന്നില്ല. പല കാര്യങ്ങളും കൃത്യമായി സംസാരിച്ചിരുന്നു. കൈപിടിച്ച് പോകുകയാണെന്നു പറഞ്ഞാണ് ഇറങ്ങിയത്. അപ്രതീക്ഷിതമായ വിയോഗത്തില്‍ വലിയ വിഷമമാണുള്ളതെന്നും മന്ത്രി പറഞ്ഞു.
'ഞാനൊക്കെ മരിച്ചാലും ഇതൊന്നും റെഡിയാവില്ല'
'ഞാനൊക്കെ മരിച്ചാലും ഇതൊന്നും റെഡിയാകാൻ പോകുന്നില്ല'- അവസാന യോഗ ത്തിൽ വാഴൂർ സോമന്റെ വാക്കുകളായിരുന്നു ഇത്. ഇടുക്കിയിലെ തൊഴിലാളികളും കുടിയേറ്റക്കാരും അനുഭവിക്കുന്ന യാതന വിവരിക്കുന്നതിനിടെയായിരുന്നു ആത്മരോഷം. ഇടുക്കി ജില്ലയിൽനിന്ന് ആദ്യം സംസാരിച്ചത് സോമനാണ്. എംഎൽഎമാർക്കെല്ലാം കൈ കൊടുത്ത് കുശലം പറഞ്ഞ് നിറഞ്ഞ ചിരിയോടെ പുറത്തേക്കിറങ്ങുമ്പോഴാണ് കു ഴഞ്ഞു വീണത്.
ഉപതിരഞ്ഞെടുപ്പ്
ഈ സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഇനി 9 മാസമാണ് ബാക്കിയുള്ളത്. 6 മാസത്തിലേറെ ബാക്കിയുണ്ടെങ്കിൽ ഉപതിരഞ്ഞെടുപ്പ് നടത്താമെങ്കിലും പീരുമേട് മണ്ഡലത്തിൽ അതിനു സാ ധ്യതയില്ല. ഫെബ്രുവരിയിലോ മാർച്ചിലോ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്‌ഞാപനം പുറപ്പെടുവിക്കും. അതിനു മുൻപ് മറ്റൊരു ഉപതിരഞ്ഞെടുപ്പ് കൂടി നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയാറായേക്കില്ല.