TRENDING:

വണ്ടിപ്പെരിയാറില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഒന്നാം പ്രതി; സി.പി.എമ്മുകാര്‍ എന്ത് ഹീനകൃത്യം ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കും: വി.ഡി. സതീശൻ

Last Updated:

'സര്‍ സി.പിക്കെതിരെ വാരിക്കുന്തവുമായി സമരം നടത്തിയ പാര്‍ട്ടിയാണ് സി.പി.എം. എന്നത് ശരിയാണ്. എന്നാല്‍ ഇന്നത്തെ സി.പി.എം. വാരിക്കുന്തവുമായി കാവല്‍ നിന്നത് പ്രതിയെ സംരക്ഷിക്കാനാണ്'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിധി പ്രസ്താവം വായിച്ചാല്‍ അപമാന ഭാരത്താല്‍ തല കുനിച്ചു പോകും എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സർക്കാരിന് നേരെ നിശിതവിമർശനം ഉന്നയിക്കുകയാണ് സതീശൻ. ഇവിടെ എന്ത് നീതിയാണ് നടപ്പാക്കിയത്. സംഭവം നടന്ന അന്നു മുതല്‍ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നാണ് വിധി പ്രസ്താവത്തില്‍ പറയുന്നത്.
വി.ഡി. സതീശൻ
വി.ഡി. സതീശൻ
advertisement

അന്വേഷണത്തില്‍, പ്രോസിക്യൂഷനില്‍ എല്ലായിടത്തും തെളിവുകളും നശിപ്പിച്ചു. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെയും ഫോറന്‍സിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ക്രൂരമായ ഹീനകൃത്യം തെളിയിക്കപ്പെടേണ്ടത്. അത് തെളിയിക്കാനുള്ള എല്ലാ സാധ്യതകളും അന്വേഷണ ഉദ്യോഗസ്ഥന്‍ തുടക്കം മുതല്‍ക്കെ അടച്ചു. ആദ്യം ആത്മഹത്യയാണെന്ന് പ്രചരിപ്പിച്ചു. എന്റെ കൊച്ചിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രതി നിലവിളിക്കുകയാണ്. അതിനൊപ്പം ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ഇടപെട്ട് പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കാനുള്ള ശ്രമം നടത്തിയത് ലജ്ജിപ്പിക്കുന്ന സംഭവമാണ്. പ്രതിയാണ് മൃതശരീരം ഏറ്റുവാങ്ങിയത്.

സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് ജനല്‍ തുറന്നു കിടക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷി മൊഴിയുണ്ട്. ജനലില്‍ കൂടിയാണ് പ്രതി രക്ഷപ്പെട്ടത്. രണ്ടാമത് വീടിനുള്ളില്‍ കയറിയ പ്രതി ജനലിന്റെ കൊളുത്തിട്ടു. എന്നാല്‍ ജനലിന്റെ കൊളുത്ത് ഇട്ടിട്ടുണ്ടെന്നും പ്രതിക്ക് വീട്ടിനുള്ളില്‍ കയറാനുള്ള ഒരു സാധ്യതയും ഇല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. പ്രതിയെ ചോദ്യം ചെയ്തിരുന്നെങ്കില്‍ കൃത്യമായ വിവരം ലഭിച്ചേനെ. പ്രതി ആരാണെന്ന് അറിഞ്ഞിട്ടും തെളിവ് നശിപ്പിക്കാന്‍ പൊലീസ് കൂട്ടു നിന്നു.

advertisement

വിധി വന്നതിനു ശേഷം കുട്ടിയുടെ അച്ഛനും മുത്തച്ഛനും ആക്രമിക്കപ്പെട്ടു. ഇന്ത്യയില്‍ നടന്ന ഏറ്റവും ഹീനമായ കേസായ ഉന്നാവോയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെ തീകൊളുത്തിക്കൊന്നു. അച്ഛന്‍ തടവറയില്‍ മരിച്ചു. പ്രതികളെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടം നടത്തിയ രണ്ട് ബന്ധുക്കള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. അതോടെ കേസ് തന്നെ ഇല്ലാതായി. അതു പോലെയാണ് പ്രതിയെ വെറുതെ വിട്ടതിനു പിന്നാലെ വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനും ആക്രമിക്കപ്പെട്ടത്.

ആക്രമിച്ച പ്രതി ഓടിക്കയറിയത് സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസിലേക്കും. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെ ബിയര്‍ കുപ്പികളും വാരിക്കുന്തവുമായാണ് സി.പി.എം. നേരിട്ടത്. സര്‍ സി.പിക്കെതിരെ വാരിക്കുന്തവുമായി സമരം നടത്തിയ പാര്‍ട്ടിയാണ് സി.പി.എം. എന്നത് ശരിയാണ്. എന്നാല്‍ ഇന്നത്തെ സി.പി.എം. വാരിക്കുന്തവുമായി കാവല്‍ നിന്നത് പ്രതിയെ സംരക്ഷിക്കാനാണ്. തുടക്കം മുതല്‍ക്കെ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്.

advertisement

സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വാളയാറിലും അട്ടപ്പാടിയിലും ഉണ്ടായത് സംഭവിക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവെന്ന നിലയില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അട്ടപ്പാടിയില്‍ വിശപ്പ് കൊണ്ട് ഭക്ഷണം എടുത്ത് കഴിച്ച മധുവിനെ കൊലപ്പെടുത്തി. വാളയാറില്‍ ഒന്‍പതും പതിമൂന്നും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കി. ആ കേസൊക്കെ എവിടെപ്പോയി? ആ കേസിലൊക്കെ നിങ്ങളുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കാരും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. അവരെ സംരക്ഷിക്കാന്‍ ശ്രമിച്ചു. പാര്‍ട്ടിക്കാര്‍ എന്ത് ഹീനകൃത്യം ചെയ്താലും എന്ത് വിലകൊടുത്തും അവരെ സംരക്ഷിക്കും.

advertisement

തെളിവ് നിയമത്തിന്റെ പ്രാഥമിക കാര്യങ്ങള്‍ പോലും അറിയാത്ത ഉദ്യോഗസ്ഥനെയാണോ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. സീല്‍ ചെയ്യാതെയാണ് തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയത്. ഇത്രയും വലിയ സംഭവം നടന്നിട്ടും പിറ്റേ ദിവസമാണ് ആ വീട്ടില്‍ പോയത്. എന്നിട്ടാണ് മുഖ്യമന്ത്രി പൊലീസിനെ പ്രശംസിക്കുന്നത്. ഇത് നാടിന് മുഴുവന്‍ അപമാനമാണ്. അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയിട്ട് നിങ്ങളുടെ പൊലീസ് ഇതുപോലെയാണ് അന്വേഷണം നടത്തുന്നതെങ്കില്‍ ഈ നാട്ടില്‍ എവിടെ നീതി കിട്ടും? അട്ടപ്പാടിയും വാളയാറും തന്നെയാണ് വണ്ടിപ്പെരിയാറിലും ആവര്‍ത്തിക്കപ്പെട്ടത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിധി വന്ന് ഒന്നര മാസമായിട്ടും നിങ്ങള്‍ ഒരു നടപടിയും എടുത്തില്ല. അപ്പീല്‍ പോയെന്നാണ് പറയുന്നത്. ഇതേ തെളിവുകളുമായല്ലേ അപ്പീലിന് പോകുന്നത്. നേരത്തെ വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പുനഃരന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചപ്പോഴാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. അപ്പീല്‍ പോകുന്നത് മാത്രമല്ല നടപടി. എന്ത് നിയമോപദേശമാണ് നിങ്ങള്‍ സ്വീകരിച്ചത്. ഇതേ തെളിവും വിധിയും വച്ച് ആ കുടുംബത്തിന് എന്ത് നീതി ലഭിക്കും. പുനരന്വേഷണത്തിന് പോലും നിങ്ങള്‍ മനപൂര്‍വം തയാറായില്ല. പാര്‍ട്ടിയുടെ ആവശ്യപ്രകാരം പ്രതിയെരക്ഷിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമം കേരളത്തിന് മുഴുവന്‍ അപമാനമാണ്. ഈ കേസിലെ ഒന്നാം പ്രതി സര്‍ക്കാരാണ്. സര്‍ക്കാരിന്റെ അലംഭവത്തിലും നിസംഗതയിലും പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വണ്ടിപ്പെരിയാറില്‍ പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഒന്നാം പ്രതി; സി.പി.എമ്മുകാര്‍ എന്ത് ഹീനകൃത്യം ചെയ്താലും സര്‍ക്കാര്‍ സംരക്ഷിക്കും: വി.ഡി. സതീശൻ
Open in App
Home
Video
Impact Shorts
Web Stories