ഫ്ലാറ്റിൽ വേടനും അദ്ദേഹത്തിന്റെ റാപ്പർ സംഘത്തിലെ 9 അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ഒരു ഷോയ്ക്ക് പരിശീലനം നടത്താനാണ് ഇവർ ഇവിടെ ഒത്തുചേർന്നതെന്ന് ഹിൽപാലസ് സി ഐ അറിയിച്ചു. കഞ്ചാവ് ഉപയോഗിച്ചതായി വേടന്‍ സമ്മതിച്ചതായും പൊലീസ് പറയുന്നു. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഫ്ലാറ്റിൽ നിന്ന് 9.5 ലക്ഷം രൂപയും കണ്ടെടുത്തു. മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പരിപാടി ബുക്ക് ചെയ്തതിന് ലഭിച്ച തുകയാണെന്നും സംഘാംഗങ്ങള്‍ക്ക് നൽകാനുള്ളതാണെന്നുമാണ് വേടൻ പറഞ്ഞതെന്നും എന്നാൽ, ഇത്രയധികം പണം കണ്ടെത്തിയത് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. വേടനും റാപ്പ് ടീമിലെ സംഘാംഗങ്ങളും പരിശീലനത്തിന് ഒത്തുകൂടുന്ന ഫ്ലാറ്റാണിത്.
advertisement
ഇതിനിടെയാണ് വേടന്‍ രണ്ടാഴ്ച മുന്‍പ് ഒരു പരിപാടിയില്‍ പറഞ്ഞ വാക്കുകള്‍ സൈബറിടത്തിൽ വീണ്ടും ശ്രദ്ധേയമാകുന്നത്. ആരും സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിക്കരുതെന്നും അത് ചെകുത്താനാണെന്നും വേടൻ പറയുന്ന വീഡിയോ ആണ് വലിയതോതിൽ പ്രചരിക്കുന്നത്. നിരവധി മാതാപിതാക്കൾ തന്റെ അടുത്ത് വന്ന് മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറഞ്ഞ് കരയുന്നുവെന്നും വേടൻ പറയുന്നുണ്ട്. നിങ്ങളുടെ ചേട്ടന്റെ സ്ഥാനത്ത് നിന്നാണ് ഇങ്ങനെ സംസാരിക്കുന്നതെന്നും വേടൻ പറയുന്നു.
വേടന്റെ വാക്കുകള്‍- ‘ഡാ മക്കളെ..സിന്തറ്റിക് ഡ്രഗ്സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് മരിച്ചു പോകും. അത് ചെകുത്താനാണ്. ഒഴിവാക്കണം. ദയവ് ചെയ്ത് പ്ലീസ്. നമ്മുടെ അമ്മയും അപ്പനും കിടന്ന് കരയുവാണ്. എത്ര അമ്മയും അപ്പനും ആണ് എന്റെ അടുത്ത് വന്ന് മക്കളേ ഇതൊക്കെ ഒന്ന് പറഞ്ഞ് മനസിലാക്കെന്ന് പറഞ്ഞ് കരയുന്നത്. സിന്തറ്റിക് ഡ്രഗ്സ് അടിക്കുന്ന പത്ത് പേരിൽ രണ്ട് പേര് ചത്ത് പോകും. എനിക്ക് ഇതിപ്പോൾ പറയേണ്ട ആവശ്യമില്ല. എന്നാലും ഞാൻ നിങ്ങളുടെ ചേട്ടനാണല്ലോ. അനിയന്മാരോടും അനുജത്തിമാരോടും പറയേണ്ട കടമ എനിക്കുണ്ടല്ലോ'.