വയനാട്ടില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാനസര്‍ക്കാരിന്റെ കൈയ്യില്‍ ആവശ്യത്തിന് ദുരന്തനിവാരണ ഫണ്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കത്ത് പറയുന്നത്. സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ഇക്കാര്യങ്ങൾ പരിശോധിക്കുന്ന ഉന്നതാധികാര സമിതിയുടെ കൈവശമാണെന്നും ആ സമിതി ഇതുവരെ യോഗം ചേർന്നിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടിൽ ആവശ്യത്തിനു തുകയുണ്ടല്ലോ എന്ന നിലപാടും കേന്ദ്രം ഇന്ന് ആവർത്തിച്ചു. ഉരുൾപൊട്ടൽ ദുരന്തത്തെ കുറിച്ചുള്ള കേന്ദ്ര നിലപാട് ചര്‍ച്ചയാകുന്നതിനിടെയായിരുന്നു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുടെ പ്രത്യേക ബെഞ്ച് വിഷയം പരിഗണിച്ചത്. പ്രത്യേക സാമ്പത്തിക സഹായമില്ല എന്നു തന്നെയാണ് കത്തു വായിച്ചാൽ മനസ്സിലാകുക എന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ പ്രത്യേക സാമ്പത്തിക സഹായം നൽകില്ലെന്ന് പറഞ്ഞിട്ടില്ലല്ലോ എന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ഇക്കാര്യത്തിൽ കഴിയുന്നത്ര വേഗത്തിൽ തീരുമാനമെടുക്കുന്നതിൽ കേന്ദ്ര സർക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞു.
advertisement
അതേസമയം, കേന്ദ്രം തീരുമാനമെടുക്കുന്നതിന് സമയപരിധി നിശ്ചിക്കണമെന്ന് അമിക്കസ് ക്യൂറി രഞ്ജിത് തമ്പാന്‍ കോടതിയിൽ നിർദേശിച്ചു. രണ്ടാഴ്ചയക്കകം അന്തിമ തീരുമാനമുണ്ടാകണമെന്ന് കോടതി കേന്ദ്രത്തിന് നിർദേശം നൽകി. കേസ് വീണ്ടും അടുത്ത വെളളിയാഴ്ച പരിഗണിക്കും. അതേസമയം, വ്യക്തികള്‍ക്ക് നല്‍കുന്ന സഹായം ഒരു മാസത്തേക്ക് കൂടി നീട്ടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയായാണ് കേസെടുത്തത്.