50 പേർക്ക് സ്വയം തൊഴിൽ പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകും. കടകളുടെ നവീകരണം, തൊഴിൽ ഉപകരണങ്ങൾ, ജീവിതമാർഗം കണ്ടെത്താനുള്ള സഹായം എന്നിവയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്. 50 കുടിവെള്ള പദ്ധതി നടപ്പിലാക്കും. വയനാട് ദുരന്തത്തിൽ കുടിവെള്ള സ്രോതസ്സ് നഷ്ടപ്പെട്ടവർക്ക് കിണർ, ശുദ്ധജലത്തിനു അനുയോജ്യമായ മാർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി ഈ പദ്ധതി നടപ്പിലാക്കും. കൂടാതെ,100 കുടുംബങ്ങളുടെ ഒരു വർഷത്തെ ഭക്ഷ്യ വസ്തുക്കളുടെ ചെലവ് കെ എൻ എം വഹിക്കും.
ഏതെങ്കിലും സൂപ്പർ മാർക്കറ്റുമായി സഹകരിച്ചു നിശ്ചിത തുകക്കുള്ള ഭക്ഷ്യ വസ്തുക്കൾ മാസത്തിൽ ഒരിക്കൽ വാങ്ങാനുള്ള സൗകര്യം ഏർപ്പെടുത്തി കൊടുക്കും. 50 കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനു സഹായം നൽകാനും കെ എൻ എം ഉദ്ദേശിക്കുന്നു. ദുരന്തത്തിനു ഇരയായ കുടുംബങ്ങളിലെ ഡിഗ്രി, പി ജി, പ്രൊഫഷണൽ കോഴ്‌സുകൾ എന്നിവക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാസത്തിൽ നിശ്ചിത തുക നൽകുന്ന പദ്ധതിയാണ് ഇത്. അതോടൊപ്പം, ദുരന്തത്തിനു ഇരയായ പ്രദേശത്തെ 25 പെൺകുട്ടികളെ കെ എൻ എം സാമൂഹിക സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി അവരുടെ ഭാവി ജീവിതത്തിൽ ഉപകാരപ്പെടുന്ന കാര്യങ്ങൾക്ക് സഹായം നൽകും.
advertisement
അതിനുപുറമേ ദുരന്തത്തിനു ഇരയായ കുടുംബങ്ങളിൽ ഡയാലിസിസ്, കിഡ്നി മാറ്റിവയ്ക്കൽ, മാറാരോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ , എന്നിവർക്ക് വേണ്ടി കെ എൻ എം ന്റെ കീഴിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഐഎംബി ചികിത്സ സഹായം നൽകും. കെഎൻഎം , പണ്ഡിത സഭയായ ജംഇയ്യത്തുൽ ഉലമാ നേതൃത്വത്തിൽ നടക്കുന്ന എടവണ്ണ ജാമിഅഃ നദ്‌വിയ്യ, പുളിക്കൽ ജാമിഅ സലഫിയ്യ,പുളിക്കൽ മദീനത്തുൽ ഉലൂം, മോങ്ങം അൻവാറുൽ ഇസ്‌ലാം വിമൻസ് കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ കോഴ്‌സുകളിൽ മാനേജ്‌മെന്റ് കോട്ടയിൽ ദുരന്തബാധിത പ്രദേശത്തെ അർഹരായ നിശ്ചിത വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യമടക്കം സൗജന്യ പ്രവേശനം നൽകുമെന്നും കെ എൻ എം പ്രസിഡന്റ് അറിയിച്ചു.
ദുരന്തനാളുകളിൽ ഐഎസ്എം വളണ്ടിയർ വിഭാഗമായ ഈലാഫ് നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. മൃതദേഹങ്ങൾ തിരയാനും ഖബർ കുഴിക്കാനും രക്ഷാപ്രവർത്തനങ്ങൾ നടത്താനും അവശ്യവസ്തുക്കൾ എത്തിക്കാനും ഈലാഫ് വളണ്ടിയർമാർ ചെയ്ത സേവനങ്ങൾ മറക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലാ കെ എൻ എം ദുരന്തനാളുകളിൽ ചെയ്ത സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ എൻ എം വനിതാ വിഭാഗമായ എംജിഎം ദുരന്തനാളുകളിൽ സേവനരംഗത്ത് സജീവമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസ പദ്ധതി ലോകനിലവാരത്തിൽ ആസൂത്രണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് അനുഗുണമായ രൂപത്തിൽ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്യാൻ സർക്കാരും സന്നദ്ധ സംഘടനകളും ശ്രമിക്കണമെന്നും അബ്ദുല്ലക്കോയ മദനി പറഞ്ഞു.