ദ്വീപ് ജനത കാത്തുസൂക്ഷിച്ച കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് പ്രഫുല്‍പട്ടേലും ടീമും ലക്ഷദ്വീപില്‍ കാലുകുത്തിയത്. തീരസംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യ തൊഴിലാളികളുടെ ജീവനോപാധികളും ഷെഡുകളും പൊളിച്ചുമാറ്റി. സ്കൂളുകളിലെ ഉച്ചഭക്ഷണ സംവിധാനം നിർത്തലാക്കിയും അംഗൻവാടികൾ അടച്ചുപൂട്ടിയും ടൂറിസത്തിന്റെ മറവിൽ മദ്യശാലകൾ സുലഭമായി തുറന്നും ജനങ്ങളെ വെല്ലുവിളിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നത്.
മാംസാഹാരം നിരോധിച്ചും ജില്ലാ പഞ്ചായത്ത് അധികാരം റദ്ദ് ചെയ്തും ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾ ദ്വീപിൽ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ മാധ്യമ പ്രവർത്തനങ്ങൾക്ക് പോലും വിലക്കുകൾ ഏർപ്പെടുത്തുന്നതിന്റെ ഉദാഹരണമാണ് ദ്വീപിലെ ആദ്യത്തെ ന്യൂസ് പോർട്ടലായ ദ്വീപ് ഡയറിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിലൂടെ സംഭവിച്ചിരിക്കുന്നത്. സംഘ്പരിവാർ ഭീകരതക്കെതിരെ പോരാടുന്ന ദ്വീപിലെ ജനാധിപത്യ സമൂഹത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രതിഷേധ സംഗമം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
advertisement
പ്രതിഷേധം ശക്തം
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ കേരളത്തിലെ ബിജെപി ഇതര രാഷ്ട്രീയ പാർട്ടികളെല്ലാം ഏകസ്വരമുയർത്തുകയാണ്. സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് കക്ഷികളും നടൻ പൃഥ്വിരാജ് സുകുമാരൻ ഉൾപ്പെടെയുള്ള ചലച്ചിത്ര സാംസ്കാരിക പ്രവർത്തകരും ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഇടപെടലുകൾ നടത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, ബിനോയ് വിശ്വം, ഇ ടി മുഹമ്മദ് ബഷീർ, ശശി തരൂർ അടക്കമുള്ളവർ രൂക്ഷ പ്രതികരണമാണ് നടത്തിയത്.
ലക്ഷദ്വീപിൽ നിന്ന് വരുന്നത് ഗൗരവകരമായ വാർത്തകളാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതത്തിനും സംസ്കാരത്തിനും വെല്ലുവിളി നേരിടുന്നു. ഇത് അംഗീകരിക്കാനാവില്ല. ലക്ഷദ്വീപും കേരളവുമായി ദീർഘകാലത്തെ ബന്ധമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Also Read- 'ലക്ഷദ്വീപില്‍ ഭീകരവാദ പ്രവര്‍ത്തനമില്ല'; കെ സുരേന്ദ്രനെ തള്ളി ദ്വീപ് ബിജെപി ഘടകം
ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച് ജീവിക്കുന്ന ആ ജനതയെ ചേർത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്ന് ശശി തരൂർ എം.പി പറഞ്ഞു. ലക്ഷദ്വീപ് ജനതയുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കേണ്ടത് നമ്മുടെ കടമയാണെന്നും ധാർമികമായ ഉത്തരവാദിത്തമാണെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം, ലക്ഷദ്വീപിലെ ജനങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പ് വരുത്തുകയാണ് കേന്ദ്രസർക്കാറിന്‍റെ ലക്ഷ്യമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ സുരേന്ദ്രന്റെ പ്രതികരണം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കും കേന്ദ്ര സർക്കാറിനുമെതിരെ കേരളം കേന്ദ്രമാക്കി വ്യാപകമായ നുണപ്രചരണങ്ങൾ നടക്കുകയാണെന്നായിരുന്നു ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം.