കേരളത്തിൽ കോൺഗ്രസിന് അടുത്തിടെയുണ്ടായ പ്രതിപക്ഷ നേതാക്കളിൽ നിന്നും മുഖ്യമന്ത്രിമാരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് വി ഡി സതീശൻ. ശൈലിയിൽ കോൺഗ്രസിൽ തലമുറമാറ്റം സാധ്യമാക്കിയ നേതാവ്. ഉറച്ച നിലപാടും കടുത്ത അക്രമണവുമാണ് ശൈലി. വഴക്കവും നയതന്ത്രവും കുറവ്. നിലപാടും ശൈലിയും സൃഷ്ടിച്ച ആരാധകരും ശത്രുക്കളും വേണ്ടുവോളമുണ്ട്. ശക്തിയും ദൗർബല്യവും അതു തന്നെ. സമുദായ നേതാക്കളിൽ പലരും ഒരേ പോലെ എതിർക്കുന്ന മറ്റൊരു നേതാവുണ്ടാകില്ല.
2006-11 ലെ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പ്രതിപക്ഷ ആക്രമണ നിരയുടെ മുനയായി നിന്നാണ് സതീശൻ ഒന്നാം നിര നേതാക്കളുടെ പട്ടികയിലേക്ക് ഉയർന്നത്. പക്ഷേ 2011 ൽ യു ഡി എഫിന് അധികാരം കിട്ടിയപ്പോൾ മന്ത്രിസ്ഥാനം നൽകാതെ സ്പീക്കർ സ്ഥാനത്തേക്കാണ് പരിഗണിച്ചത്. അത് സതീശൻ സ്വീകരിച്ചില്ല. 2021ലെ പ്രതീക്ഷിത ജയം യു ഡി എഫിന് നഷ്ടമായതോടെയാണ് രമേശ് ചെന്നിത്തലയെ മാറ്റി വി ഡി സതീശൻ പ്രതിപക്ഷ നേതാവായത്. യു ഡി എഫ് ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാൻ പലരുണ്ടാവും. തോറ്റാൽ എല്ലാ പഴിയും സതീശന് തന്നെയാവും.
advertisement
സാധ്യത ഒന്ന്
വമ്പൻ ഭൂരിപക്ഷത്തിൽ യു ഡി എഫ്
കഴിഞ്ഞ അഞ്ച് വർഷവും ഭരണപക്ഷത്തെ കടന്നാക്രമിച്ച് പ്രതിപക്ഷ നിരയെ നയിച്ച വി ഡി സതീശന് തന്നെയാവും വിജയത്തിന്റെ ഫുൾ ക്രെഡിറ്റ്. ജനങ്ങൾക്ക് മുന്നിലും കോൺഗ്രസ് പ്രവർത്തകർക്ക് മുന്നിലും സതീശന്റെ ഗ്രാഫ് ഉയരും. സതീശന്റെ ശൈലിയുടെയും നിലപാടിന്റെയും വിജയമായി അത് മാറും. സ്വാഭാവികമായും സതീശൻ മുഖ്യമന്ത്രി. പക്ഷേ പാർട്ടി കോൺഗ്രസാണ്.
ജയിച്ചാലും തോറ്റാലും തർക്കിക്കാനും അധികാരം പിടിച്ചെടുക്കാനുമുളള പോര് ഉണ്ടാവും. ആ ശീലം ഇത്തവണ മാറും എന്നൊന്നും കരുതാനാവില്ല. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കാനും അവരെ പിന്തുണയ്ക്കാനും ആളുണ്ടാവും. എം എൽ എമാരുടെ ഭൂരിപക്ഷം നോക്കി മുഖ്യമന്ത്രിയെ തീരുമാനിക്കൽ എന്ന പതിവ് പക്ഷേ ഈ സാഹചര്യത്തിൽ നടക്കണമെന്നില്ല. ഇനി അങ്ങനെ നോക്കിയാലും ജനവികാരം തളളി സതീശനെ തളളിക്കളയാൻ മറുപക്ഷത്ത് നിൽക്കുന്ന എം എൽ എമാരടക്കം മടിക്കും. കേരളത്തിലെ കോൺഗ്രസിനും ഹൈക്കമാൻഡിനും യു ഡി എഫ് ഘടകകക്ഷികൾക്കും സതീശനെ അംഗീകരിക്കേണ്ടി വരും. വമ്പൻ ജയമെങ്കിൽ മന്ത്രിമാരെ തീരുമാനിക്കുന്നതിലും വകുപ്പ് വിഭജനത്തിലും അടക്കം സതീശനാവും മേൽക്കൈ.
സാധ്യത രണ്ട്
നേരിയ ഭൂരിപക്ഷത്തിൽ യു ഡി എഫ് ജയം
പത്ത് വർഷത്തെ പ്രതിപക്ഷ വാസത്തിന് ശേഷം ഭരണം തിരിച്ചു പിടിച്ചതിന്റെ ക്രെഡിറ്റ് സതീശന് ലഭിക്കുമെങ്കിലും വിജയത്തിന് അവകാശികളായി പലരും വരും. മുഖ്യമന്ത്രി സ്ഥാനത്തേക്കുളള സതീശന്റെ വഴി അത്ര എളുപ്പമാകില്ല. എം എൽ എമാരുടെ ഭൂരിപക്ഷം നോക്കി തീരുമാനം എടുക്കാൻ സമ്മർദം ഉണ്ടാവും. അപ്പോൾ ആർക്കാവും മേൽക്കൈ എന്ന് ഉറപ്പിച്ച് പറയാനാവില്ല. പക്ഷേ സ്ഥാനാർത്ഥി നിർണയത്തിലെതു പോലെ വഴങ്ങാൻ സതീശൻ തയാറായേക്കില്ല. മുഖ്യമന്ത്രിയല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന നിലപാടിലേക്ക് പോകാനുള്ള സാധ്യതയും തളളാനാവില്ല. മുഖ്യമന്ത്രി സ്ഥാനം കിട്ടിയാലും മന്ത്രിമാരെ തീരുമാനിക്കുന്നതിലും വകുപ്പ് വിഭജനത്തിലും വലിയ വിട്ടുവീഴ്ചയ്ക്കും സമവായത്തിനും തയാറാകേണ്ടി വരും
സാധ്യത മൂന്ന്
യു ഡി എഫിന് പരാജയം
നേരിയതോ കനത്തതോ എന്നൊന്നും നോക്കേണ്ടതില്ല. പഴി പൂർണമായും സതീശന് തന്നെയാവും. യുഡിഎഫിന് അറുപതിനു മേൽ സീറ്റ് നേടാനായാൽ വലിയ പരിക്കില്ലാതെ പിടിച്ചു നിൽക്കാനാവും എന്നു മാത്രം. സതീശൻ ശൈലിയുടെ പരാജയമായും തോൽവി വിലയിരുത്തപ്പെടും. അതുവരെയുളള അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് മറ്റ് നേതാക്കളെല്ലാം ഒന്നിക്കും. സമുദായ നേതാക്കളെ പിണക്കിയതു മുതൽ കൂട്ടായ തീരുമാനമില്ലാതെ സ്വന്തം വഴിക്കുള്ള പോക്ക് വരെ ചോദ്യം ചെയ്യപ്പെടും. ചുരുക്കം ചില യുവ നേതാക്കൾ ഒഴികെ പാർട്ടിയിൽ നിന്നാരും പ്രതിരോധവുമായി എത്താനും വഴിയില്ല. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വേറെ നേതാവ് വരും.
ഇതും വായിക്കുക: 3.0 യാഥാർത്ഥ്യമായാൽ പിണറായി അജയ്യൻ; മറിച്ചായാൽ.... സാധ്യതകളിങ്ങനെ
ജയിച്ചാൽ ടീം യു ഡി എഫിന്റെ ജയം, തോറ്റാൽ വ്യക്തിപരമായി തന്റെ പരാജയം, യു ഡി എഫ് തോറ്റാൽ രാഷ്ട്രീയ വനവാസത്തിന് പോകും. ഇതാണ് സതീശൻ നേരത്തെ പറഞ്ഞത്. അതേ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലും ആവർത്തിച്ചു. തോൽവിയാണ് വരുന്നതെങ്കിൽ പ്രധാന പദവികൾ ഒന്നും ഇല്ലാതെ ഏറെക്കുറെ രാഷ്ട്രീയ വനവാസത്തിലേക്ക് കുറേക്കാലത്തേക്കെങ്കിലും പോകേണ്ടിയും വരും.
