ജാമ്യം റദ്ദു ചെയ്തു കൊണ്ടുള്ള ഉത്തരവിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പറയുന്നത്. രാഹുൽ ഈശ്വർ എല്ലാ ശനിയാഴ്ചയും പമ്പ പൊലീസ് സ്റ്റേഷനിൽ എത്തി, അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥയിലെ ഒരു നിർദ്ദേശം. എന്നാൽ, കഴിഞ്ഞ രണ്ടു തവണയായി രാഹുൽ ഈശ്വർ ഇത് പാലിക്കുന്നില്ലെന്നാണ് ജാമ്യം റദ്ദു ചെയ്തു കൊണ്ടുള്ള ഉത്തരവിൽ പറയുന്നത്. പമ്പ പൊലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ രാഹുൽ ഹാജരാകുന്നില്ലെന്നും ഇതിൽ വീഴ്ച വരുത്തിയെന്നും കോടതി പറയുന്നു.
advertisement
അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കോടതി പറയുന്നു. പൊലീസ് വിളിക്കുമ്പോൾ അന്വേഷണവുമായി സഹകരിക്കുന്ന രീതിയിൽ രാഹുൽ പെരുമാറുന്നില്ല. അതുകൊണ്ടു തന്നെ അന്വേഷണം മുന്നോട്ടു കൊണ്ടു പോകാനും കഴിയുന്നില്ല. മാത്രമല്ല, മണ്ഡസകാലം തുടങ്ങിയതിനു ശേഷം രണ്ടോ മൂന്നോ തവണ രാഹുൽ ഈശ്വർ സന്നിധാനത്തേക്ക് പോകാനെത്തി. അപ്പോൾ, പൊലീസ് തടഞ്ഞു, പൊലീസ് തടഞ്ഞപ്പോൾ പൊലീസിനെ ധിക്കരിച്ച് മുന്നോട്ടു പോകുന്ന നിലപാടാണ് രാഹുൽ ഈശ്വർ സ്വീകരിക്കുന്നതെന്നും ജാമ്യവ്യവസ്ഥ റദ്ദു ചെയ്തു കൊണ്ട് കോടതി പറയുന്നു. ജാമ്യവ്യവസ്ഥയിൽ, സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യരുതെന്ന് കോടതിയുടെ നിർദ്ദേശമുണ്ട്. എന്നാൽ, അത്തരമൊരു കുറ്റകൃത്യം ചെയ്യാനാണ് രാഹുൽ ഈശ്വർ വീണ്ടും ശ്രമിക്കുന്നതെന്നും കോടതി പറയുന്നു.
പൊലീസ് വൈരാഗ്യം തീർക്കുന്നു; ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഈശ്വർ
രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്
അതേസമയം, ജാമ്യം റദ്ദു ചെയ്തതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞു. ഇത് ദൗർഭാഗ്യകരമാണെന്നും വ്യക്തിവിദ്വേഷം തീർക്കുന്നതാണെന്നും രാഹുൽ ഈശ്വർ ആരോപിച്ചു. ഇതിനെതിരെ തിങ്കളാഴ്ച തന്നെ ഹൈക്കോടതിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസിലെ ചില ആൾക്കാർ രാഷ്ട്രീയം കളിക്കുന്നതാണെന്നും വ്യക്തിവിരോധം തീർക്കുന്നതാണെന്നും രാഹുൽ ആരോപിച്ചു.
ഡൽഹിയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരുന്നു. പരിപാടി കഴിഞ്ഞ് എട്ടാം തിയതി വൈകുന്നേരമാണ് തിരിച്ചെത്തിയത്. ഇക്കാര്യം പൊലീസിനെ കൃത്യമായി അറിയിച്ചിരുന്നെന്നും ഒമ്പതാം തിയതി രാവിലെ ഒപ്പിടാൻ എത്തിയെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഏഴു തവണയോളം കൃത്യമായി ഒപ്പിട്ട് ഒരു തവണ ഏതാനും മണിക്കൂറുകൾ താമസിച്ചെന്ന പേരിലാണ് പൊലീസുകാർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചതെന്നും രാഹുൽ ഈശ്വർ ആരോപിച്ചു.