ജീവപര്യന്തം വരെ ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണ് കേസിൽ രണ്ടാം പ്രതിയായ ആന്റണി രാജുവിനെതിരെ നിരത്തിയിട്ടുള്ളത്. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ, കള്ള തെളിവ് നിർമ്മിക്കൽ, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തൽ, പൊതു സേവകന്റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്.
ഐപിസി 34 - പൊതുവായ ഉദേശ്യത്തോടെയുള്ള ഒരുത്തു ചേർന്നുള്ള കുറ്റകൃത്യം, 409 - സർക്കാർ ഉദ്യോഗസ്ഥൻ്റെ വിശ്വാസവഞ്ചന (10 വർഷം മുതൽ ജീവപര്യന്തം ശിക്ഷ വരെ കിട്ടാം), 120 B - ഗുഢാലോചന, 420- വഞ്ചന, 201- തെളിവ് നശിപ്പിക്കൽ, 193- കള്ള തെളിവുണ്ടാക്കൽ, 217- പൊതുസേവകന്റെ നിയമലംഘനം, 465 - വ്യാജരേഖ ചമക്കൽ, 468 - വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമക്കൽ തുടങ്ങിയ വകുപ്പുകൾ ആണ് ചുമത്തിയിട്ടുള്ളത്.
advertisement
ഇതിൽ 420, 468, 371 വകുപ്പുകൾ നിലനിൽക്കില്ല. 120 ബി, 201, 193, 409, 34 വകുപ്പുകൾ നിലനിൽക്കും. 409-ാം വകുപ്പ് പ്രകാരം രണ്ട് വർഷത്തിൽ കൂടുതൽ ശിക്ഷ ലഭിച്ചാൽ നിയമസഭാ അംഗത്വം റദ്ദാകും. ശിക്ഷാവിധി ഹൈക്കോടതി തടഞ്ഞില്ല എങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും ആന്റണി രാജുവിന് കഴിയില്ല.
1990ൽ 61.5 ഗ്രാം ഹാഷിഷ് കൈവശം വച്ചതിന് ആൻഡ്രൂ സാൽവറ്റോർ സെർവെല്ലി എന്ന ഓസ്‌ട്രേലിയൻ പൗരനെ തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. സെർവെല്ലി അന്ന് ധരിച്ചിരുന്ന കടും നീല അടിവസ്ത്രത്തിന്റെ രഹസ്യ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് കള്ളക്കടത്ത് മുതൽ കണ്ടെത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. പ്രതിയെ രക്ഷപെടുത്താനായി കേസിലെ നിർണായക തൊണ്ടിമുതലായ പ്രതിയുടെ കടുംനീല നിറത്തിൽ ബനിയൻ തുണിയിലുള്ള അടിവസ്ത്രം കൈവശപ്പെടുത്തി അളവ് മാറ്റി തയ്ച്ച് തിരിച്ചുവച്ചു എന്നതാണ് കേസ്.
പ്രതിയായ സെർവെല്ലിക്കുവേണ്ടി അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജു പ്രതിനിധീകരിച്ചു. സെഷൻസ് കോടതി തുടക്കത്തിൽ സെർവെല്ലിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി പത്ത് വർഷം തടവിന് ശിക്ഷിച്ചെങ്കിലും, 1991-ൽ കേരള ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തെളിവായി ഹാജരാക്കിയ അടിവസ്ത്രം പ്രതിക്ക് യോജിക്കാത്തവിധം ചെറുതാണെന്ന പ്രതിഭാഗത്തിന്റെ വാദത്തെ അടിസ്ഥാനമാക്കിയായിരുന്നു കുറ്റവിമുക്തനാക്കിയത്. അപ്പീലിനിടെ, വസ്ത്രം സെർവെല്ലിക്ക് യോജിക്കില്ല എന്ന കാര്യം കോടതി നിരീക്ഷിച്ചു. ഇതിൽ തെളിവ് നശിപ്പിക്കൽ സംബന്ധിച്ച ശക്തമായ സംശയം ബെഞ്ചിനുണ്ടായി.
തുടർന്നുള്ള അന്വേഷണത്തിൽ, ആന്റണി രാജു കോടതിയിലെ മെറ്റീരിയൽ ഒബ്ജക്റ്റ്സ് മുറിയിൽ നിന്ന് അടിവസ്ത്രം കൈക്കലാക്കാൻ കെ. ജോസ് എന്ന കോടതി ക്ലാർക്കുമായി ഗൂഢാലോചന നടത്തിയതായി കണ്ടെത്തി. ഹൈക്കോടതി വാദം കേൾക്കുന്നതിനിടയിൽ രാജു വസ്ത്രം എടുത്ത് വെട്ടിച്ചെറുതാക്കി നാല് മാസത്തിന് ശേഷം അത് തന്റെ കക്ഷിക്ക് അനുയോജ്യമാകില്ലെന്ന് ഉറപ്പാക്കാൻ കോടതിയിൽ തിരികെ നൽകിയെന്നാണ് ആരോപണം.
മറ്റൊരു കുറ്റകൃത്യത്തിന് ഓസ്‌ട്രേലിയൻ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ സെർവെല്ലി കൃത്രിമത്വം നടന്നതായി സമ്മതിച്ചതായി ഇന്റർപോൾ ഇന്ത്യൻ അധികൃതരെ അറിയിച്ചതിനെത്തുടർന്ന് കേസ് കൂടുതൽ ശക്തി പ്രാപിച്ചു. 1994 ൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും 2014 ൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. രാജുവിനെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
