പങ്കാളിത്ത പെൻഷനിൽ അംഗമാകാതെ മാറി നിൽക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് അന്ത്യശാസനവുമായാണ് ധനവകുപ്പിന്റെ ഉത്തരവ്. പങ്കാളിത്ത പെൻഷനിൽ അംഗമാകാത്ത സർക്കാർ ജീവനക്കാർ മരണപ്പെട്ടാൽ അർഹതപ്പെട്ട ആനുകൂല്യം കുടുംബാഗംങ്ങള്‍ക്ക് ലഭിക്കാതെ വരുന്നുണ്ടെന്നും ഇത് ഒഴിവാക്കാൻ എല്ലാവരും പെൻഷൻ പദ്ധതിയിൽ അംഗമാകണമെന്നുമാണ് നിർദേശം. അടുത്ത മാസം 30ന് മുൻപ് എല്ലാവരും അംഗങ്ങളാകണം. ഇക്കാര്യം ഡി.ഡി.ഒമാർ ഉറപ്പുവരുത്തണമെന്നും. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.
Also Read- വിഴിഞ്ഞം സമരം നൂറാം ദിനത്തിലേക്ക്; കരമാർഗവും കടൽമാർഗവും സമരക്കാർ ഉപരോധിക്കും
advertisement
പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കുന്നതിനായി ഒന്നാം പിണറായി സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല. 2013 ഏപ്രിൽ ഒന്നു മുതൽ സര്‍വീസിൽ പ്രവേശിപ്പിച്ചവർക്കാണ് പങ്കാളിത്ത പെൻഷൻ ബാധകം. സർവീസിൽ പ്രവേശിച്ച് 30 ദിവസത്തിനകം പെൻഷൻ പദ്ധതിയിൽ അംഗളാകണം. പങ്കാളിത്ത പെൻഷൻ ബാധകമായ ജീവനക്കാർ അതിൽ ചേരാതെ മരിച്ചാൽ അവകാശികള്‍ക്ക് ആനുകൂല്യം ലഭിക്കാതെ വരും. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
അതേസമയം, പങ്കാളിത്ത പെൻഷൻ പുനഃപരിശോധന കമ്മീഷൻ റിപ്പോർട്ട് സർക്കാർ രഹസ്യമായി സൂക്ഷിക്കേണ്ട കാര്യമുണ്ടോയെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത കാനം രാജേന്ദ്രൻ ചോദിച്ചു. ഈ റിപ്പോർട്ടിലെ പ്രായോഗിക പ്രശ്നങ്ങൾ ജീവനക്കാരുമായി ചർച്ച ചെയ്യാൻ സർക്കാർ തയാറാകണം. പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇനിയൊരു മാർച്ചുമായി സെക്രട്ടേറിയറ്റിലേക്ക് വരാതിരിക്കാനുള്ള നിലപാട് സർക്കാർ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും കാനം പറഞ്ഞു.
പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പാക്കണം. വിവിധ സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുകയാണ്. നിയമസഭയുടെ അംഗീകാരത്തോടെ പദ്ധതിയിൽനിന്ന് സംസ്ഥാന സർക്കാറിന് പിൻവലിയാം. ഇടത് സർക്കാറിന് എല്ലാവിധ പിന്തുണയും നൽകുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും ഈ പ്രശ്നത്തിന് പരിഹാരം കാണണം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എക്കാലവും ചങ്ങാത്ത മുതലാളിത്ത താൽപര്യങ്ങൾക്ക് എതിരെയുള്ള നിലപാടാണ് ഉള്ളതെന്നും കാനം കൂട്ടിച്ചേർത്തു.
നിരവധി സംസ്ഥാനങ്ങൾ പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പാക്കുമ്പോൾ എന്തിന് മടിച്ച് നിൽക്കുന്നുവെന്നാണ് സിപിഐ നേതാക്കൾ ചോദിക്കുന്നത്.