1985 ഡിസംബര്‍ 17നാണ് എ.കെ ആന്‍റണിയുടെയും എലിസബത്ത് ആന്‍റണിയുടെയും മൂത്ത മകനായി അനില്‍ ആന്‍റണിയുടെ ജനനം. മുഴുവന്‍ പേര് അനില്‍ കുര്യന്‍ ആന്‍റണി. 37 കാരനായ അനില്‍ അവിവാഹിതനാണ്. സഹോദരന്‍ അജിത് ആന്‍റണി. തിരുവനന്തപുരം എൻജിനീയറിങ് കോളജില്‍നിന്ന് ഇന്‍ഡസ്ട്രിയല്‍ എൻജിനീയറിങ്ങില്‍ ബിരുദം. യുഎസിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് മാനേജ്മെന്റ് സയന്‍സ് ആൻഡ് എൻജിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം. സിസ്കോ, ടോര്‍ക്ക്, കാസ്പര്‍ ലാബ്സ് തുടങ്ങിയ ആഗോള കമ്പനികളില്‍ സേവനമനുഷ്ഠിച്ച അനില്‍, പിഐ ഇന്ത്യ എന്ന സംരംഭത്തിന്റെ സഹസ്ഥാപകന്‍ കൂടിയാണ്. കോവിഡ് പ്രതിരോധത്തിനായി സഭാസാമാജികരെയും ആരോഗ്യപ്രവര്‍ത്തകരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്.
advertisement
Also Read- മകന്റെ തീരുമാനം വേദനയുണ്ടാക്കി; അവസാന ശ്വാസം വരെ ബിജെപിക്കെതിരെ ശബ്ദമുയർത്തും: എകെ ആന്റണി
2019 ജനുവരിയില്‍ കേരളത്തിലെ കോണ്ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോ–ഓര്‍ഡിനേറ്ററായി അനില്‍ ചുമതലയേറ്റു. അന്നത്തെ കെപിസിസി പ്രസിഡന്‍റായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ് അനിലിനെ സ്ഥാനത്തേക്ക് നിയമിച്ചത്. ശശി തരൂരാണ് അനിലിനെ ഈ പദവിയിലേക്ക് നിര്‍ദേശിക്കുന്നത്. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി അനില്‍ നവമാധ്യമങ്ങളിലൂടെ നടത്തിയ പ്രചരണം ഏറെ പ്രശംസ നേടിയിരുന്നു. ഇതാണ് അനിലിനെ കേരളത്തിലെ കോണ്ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനത്തേക്ക് എത്തിച്ചത്.
സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസല്‍ പട്ടേലും അന്ന് അനിലിനൊപ്പമുണ്ടായിരുന്നു. പിന്നീട് നടന്ന കര്‍ണാടക, രാജസ്ഥാന്‍ തെരഞ്ഞെടുപ്പുകളുടെ ഡിജിറ്റല്‍ പ്രചാരണ ചുമതലകള്‍ കോണ്‍ഗ്രസ് ഇവരെ ഏല്‍പ്പിച്ചിരുന്നു.
രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് സമൂഹമാധ്യമങ്ങള്‍ വഴി യാതൊരു പ്രചാരണവും കൊടുക്കാതിരുന്നതില്‍ അനിലിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഡിജിറ്റല്‍ മീഡിയ കോ–ഓര്‍ഡിനേറ്റര്‍ ആയ അനില്‍ പാര്‍ട്ടിക്ക് വേണ്ടി എന്ത് പ്രചാരണമാണ് നടത്തുന്നതെന്ന് ചോദ്യങ്ങളും ഉയര്‍ന്നു. ഗുജറാത്ത് കലാപം സംബന്ധിച്ച് ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറങ്ങിയതോടെ കോണ്‍ഗ്രസും അനില്‍ ആന്‍റണിയും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയെ രാജ്യത്ത് വിലക്കിയപ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം അതിനെ എതിര്‍ത്ത് രംഗത്തെത്തി. എന്നാല്‍ അനില്‍ ബിബിസിയെ വിമര്‍ശിച്ചാണ് രംഗത്തെത്തിയത്. ബിജെപിയോടുള്ള വിയോജിപ്പുകള്‍ നിലനിർത്തിക്കൊണ്ടുതന്നെ ഡോക്യുമെന്ററിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കുന്നു എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
പിന്നിട് പലപ്പോഴായി കോണ്‍ഗ്രസ് നിലപാടുകളെ പരസ്യമായി വിമര്‍ശിച്ച അനില്‍ ആന്‍റണി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു. പിന്നാലെ പലരും പ്രവചിച്ചിരുന്നത് പോലെ ബിജെപിയിലേക്കുള്ള കൂടുമാറ്റം.
