വിജയസാധ്യത ഇല്ലെങ്കിലും വെറും മൂന്ന് വർഷം കൊണ്ട് 207 ശതമാനം വോട്ട് വർധിപ്പിച്ച നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്താൻ താത്പര്യം കാണിക്കാത്തത് അണികളിൽപോലും വലിയ ഞെട്ടലാണുണ്ടാക്കിയത്. കഴിഞ്ഞ ആറുവർഷമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതിനിധീകരിക്കുന്നതിലൂടെ രാജ്യശ്രദ്ധ നേടിയ വയനാട് ലോക് സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ എന്നതും ബിജെപിയുടെ മത്സരത്തിന്റെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
2021ൽ കിട്ടിയതിന്റെ 207 ശതമാനം കൂടുതൽ 2024ൽ
ആദ്യമായി മത്സരിച്ച 1982നുശേഷം നിലമ്പൂർ നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരുതവണ ഒഴികെ ബാക്കി എല്ലാത്തവണയും എൻഡിഎക്ക് വേണ്ടി ബിജെപി സ്ഥാനാർത്ഥിയാണ് വന്നത്. 2016ൽ മാത്രമാണ് ഇവിടെ ബിഡിജെഎസ് മത്സരിച്ചത്. 1982 ൽ ബിജെപിക്ക് വേണ്ടി മത്സരിച്ച ഗോപാലകൃഷ്ണൻ താളൂരിന് ലഭിച്ചത് 1442 വോട്ടുകൾ.
advertisement
1987ൽ വാസുദേവൻ മാസ്റ്റർ - 3476, 1991ൽ പി പി അച്യുതൻ - 3876, 1996ൽ കെ സോമസുന്ദരൻ - 3546, 2001ല്‍ പ്രേംനാഥ് -6061, 2006ല്‍ കെ പ്രഭാകരൻ- 3120, 2011ൽ കെ സി വേലായുധൻ- 4425 എന്നിങ്ങനെയാണ് ബിജെപി സ്ഥാനാർത്ഥികളുടെ വോട്ടുകൾ. 2016ൽ സീറ്റ് സഖ്യകക്ഷിയായ ബിഡിജെഎസിന് നൽകി. അന്ന് മത്സരിച്ച ഗിരീഷ് മേക്കാട്ട് 12,284 വോട്ടുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 2021ൽ വീണ്ടും ബിജെപി സീറ്റ് ഏറ്റെടുത്തു. കെ അശോക് കുമാറിന് 8595 വോട്ടുകളാണ് നേടാനായത്.
ഇനി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കാര്യമെടുത്താൽ വയനാട് മണ്ഡലത്തിന്റെ ഭാഗമായ നിലമ്പൂരിൽ, 2019ൽ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചപ്പോൾ 10,300 വോട്ടുകൾ ലഭിച്ചു. 2024ൽ അന്നത്തെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ചപ്പോഴാണ് ബിജെപി ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്. 17,500 വോട്ടുകളാണ് അന്ന് സുരേന്ദ്രൻ രാഹുലിന് എതിരെ പിടിച്ചത്. മൂന്ന് വർഷം കൊണ്ട് വർധിപ്പിച്ചത് 207 ശതമാനം വോട്ട്. രാഹുൽ ഗാന്ധി രാജിവച്ചതിന് പിന്നാലെ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസിന് നിലമ്പൂരിൽ ലഭിച്ചത് 13,500 വോട്ടുകളാണ്.
ഇത്തവണ ബിജെപിയോ ബിഡിജെഎസോ?
2021ൽ മലപ്പുറത്തെ തവനൂർ ബിഡിജെഎസിനു കൈമാറി ബിജെപി നിലമ്പൂർ വീണ്ടും ഏറ്റെടുക്കുകയായിരുന്നു. പക്ഷേ, ബിഡിജെഎസ് 2016ൽ നേടിയ വോട്ടിനേക്കാൾ നാലായിരത്തോളം കുറവു വോട്ടു മാത്രമാണ് നേടാനായത്. ഈ സാഹചര്യത്തിലാണ് ഇത്തവണ സീറ്റ് ബിഡിജെഎസിന് തന്നെ നൽകാൻ സംസ്ഥാന നേതൃത്വം ആലോചിച്ചത്. ഇനി നിലമ്പൂരിൽ താമരചിഹ്നത്തിൽ തന്നെ മത്സരം വേണമെന്ന് കേന്ദ്ര നിർദേശം ഉണ്ടായാൽ നിലപാടിൽ മാറ്റം വരുത്തും.
നിലമ്പൂരിൽ ബിജെപി മത്സരിക്കേണ്ടെന്ന് ആദ്യഘട്ടത്തിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിൽനിന്ന് എൻഡിഎ സഖ്യം പൂർണമായി മാറിനിൽക്കുന്നത് വോട്ട് മറിക്കാനാണ് എന്ന തരത്തിൽ ആരോപണം ഉയരുമെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബിഡിജെഎസിനു സീറ്റ് തിരികെ നൽകാൻ ധാരണയായത്. എന്നാല്‍ ബിഡിജെഎസും മത്സരിക്കാന്‍ താല്‍പര്യം കാണിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ബിഡിജെഎസിലും രണ്ട് അഭിപ്രായമാണ്. ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ കൗണ്‍സില്‍ യോഗത്തില്‍ വ്യത്യസ്ത അഭിപ്രായമാണ് ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂറും വഖഫും
സാമുദായിക ഘടനയിൽ മലപ്പുറം ജില്ലയുടെ മറ്റു മണ്ഡലങ്ങൾ പോലെ ഭൂരിപക്ഷം മുസ്ലിം സമുദായം തന്നെ ആണെങ്കിലും ഹിന്ദു, ക്രിസ്തു മത വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുണ്ട്. ജില്ലയിൽ ഏറ്റവും അധികം ക്രൈസ്തവ വോട്ടർമാർ ഉള്ള മണ്ഡലവും ഇത് തന്നെ. കേന്ദ്ര സർക്കാർ വഖഫ് നിയമം കൊണ്ടുവന്നതിനു ശേഷം സംസ്ഥാനത്തെ ക്രൈസ്തവ വോട്ടർമാർക്കിടയിൽ ബിജെപിയോട് ഉള്ള സമീപനത്തിൽ മാറ്റം വന്നതായി സൂചന ഉണ്ട്. എന്നാൽ അത് വോട്ട് ആകുമോ എന്നതിൽ സംശയം പ്രകടിപ്പിക്കുന്നവരിൽ പ്രമുഖ ബിജെപി നേതാക്കളും ഉണ്ട്. ഇതിനു പുറമെ ദേശീയ തലത്തിൽ ഓപ്പറേഷൻ സിന്ദൂറിനു ശേഷം എടുത്ത കോൺഗ്രസ് നിലപാടിൽ അഭിപ്രായ വ്യത്യാസം ഉള്ളവരുടെ എണ്ണവും കൂടിയിട്ടുണ്ട്. എന്നാൽ ഇതൊക്കെ വോട്ടിൽ പ്രതിഫലിക്കുമോ എന്നറിയാൻ ബിജെപിക്ക് ഒരു സ്ഥാനാർത്ഥി ഉണ്ടാകണം എന്ന് കരുതുന്നവരുടെ എണ്ണം കുറവല്ല.
സ്വതന്ത്രരെ തേടി ബിജെപി
ബിഡിജെഎസും പിന്‍വലിഞ്ഞതോടെ മത്സരിക്കാന്‍ സ്വതന്ത്രരെ തേടി ബിജെപി രംഗത്തിറങ്ങിയത്. പി വി അന്‍വര്‍ രാജിവെച്ചതിന് പിന്നാലെ നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറിയും മലയോര മേഖലയില്‍ നിന്നുള്ള മണിമൂളി സ്വദേശിനിയുമായ അഡ്വ. ബീന ജോസഫുമായി സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് എം ടി രമേശ് കൂടിക്കാഴ്ച നടത്തി. മഞ്ചേരിയില്‍ എത്തിയാണ് രമേശ് ബീന ജോസഫുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയ കാര്യം പിന്നീട് ബീന ജോസഫ് മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുന്നതിനിടെയാണ് രാഷ്ട്രീയം ചര്‍ച്ചയായതെന്ന് ബീന ജോസഫ് പറഞ്ഞു.
കൂടിക്കാഴ്ചക്കിടെ യാദൃച്ഛികമായാണ് എംടി രമേശ് സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് പറഞ്ഞത്. കുടുംബത്തോടും സഭയോടും പാര്‍ട്ടിക്കാരോടും ആലോചിക്കാതെ ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞു. എം ടി രമേശുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ പറയാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥി വിഷയത്തില്‍ ബിജെപിയുമായി ചര്‍ച്ചയ്ക്ക് പോകില്ലെന്നും ബീന ജോസഫ് വ്യക്തമാക്കി.