മധ്യപ്രദേശില്‍ നിന്ന് വൈകിട്ട് 5 മണിയോടെ കൊച്ചിയിലെ നാവിക ആസ്ഥാനത്ത് പ്രധാനമന്ത്രി വിമാനമിറങ്ങും. 5.30 ന് നാവിക ആസ്ഥാനത്ത് നിന്ന് യുവം 2023 പരിപാടി നടക്കുന്ന എസ് എച്ച് ഗ്രൗണ്ടിലേക്ക് റോഡ് ഷോ. ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ 15000 ത്തോളം പേർ റോഡ് ഷോയിൽ പങ്കാളികളാകും. 20000 പേരെ പങ്കെടുപ്പിച്ചുള്ള യുവ വേദിയിലേക്ക് 6 മണിയോടെയാണ് മോദി എത്തുക. യുവാക്കളോട് നേരിട്ട് മോദി സംവദിക്കും. തുടര്‍ന്ന് താജ് ഹോട്ടലില്‍ ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
advertisement
സാധാരണ പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ളവരുടെ പട്ടികയിൽ ഗവർണറെ ഉൾപ്പെടുത്താറുണ്ട്. എന്നാൽ, പ്രധാനമന്ത്രിയുടേത് രാഷ്ട്രീയസ്വഭാവമുള്ള പരിപാടിയായതിനാലാണ് സ്വീകരണപ്പട്ടികയിൽനിന്ന് ഗവർണറെ ഒഴിവാക്കിയതെന്നാണ് വിശദീകരണം. സംസ്ഥാന സർക്കാരിന് വേണ്ടി മന്ത്രി പി രാജീവ് പ്രധാനമന്ത്രിയെ സ്വീകരിക്കും. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ അടക്കമുള്ളവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനത്തും.